തിരുവനന്തപുരം: രാഷ്ട്രീയ പ്രവർത്തനത്തിൽ മാറ്റം അനിവാര്യമാണെന്ന് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിയന്തിരമായി മാറേണ്ട ഒന്നാണ് അക്രമ രാഷ്ട്രീയമെന്നു പറഞ്ഞ കോടിയേരി തുടർച്ചയായി അക്രമം നടത്തുന്ന സംസ്ഥാനം എന്ന പേര് മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്ലാ സ്ഥലങ്ങളിലും എല്ലാ പാർട്ടികൾക്കും പ്രവർത്തന സ്വാതന്ത്ര്യം വേണമെന്നും കോടിയേരി പറഞ്ഞു. ഇക്കാര്യത്തിൽ മുൻകൈയെടുത്ത് പ്രവർത്തിക്കാൻ സിപിഎം തയാറാണെന്നും പാർട്ടി സെക്രട്ടറി പറഞ്ഞു. കൊലയ്ക്കു പകരം കൊല സിപിഎമ്മിന്റെ നയമല്ലെന്ന് പറഞ്ഞ കോടിയേരി സിപിഎമ്മിന്റെ ഹൃദയമെടുത്തുകളയാമെന്നാണ് ചിലർ കരുതുന്നതെന്നും എന്നാൽ അത്തരം വിരട്ടലുകളെ പാർട്ടി ഭയക്കില്ലെന്നും വ്യക്തമാക്കി.
മാധ്യമങ്ങൾക്കെതിരെയും രൂക്ഷ വിമർശനമാണ് കോടിയേരി നടത്തിയത്. ചില മാധ്യമ മുതലാളികൾ യുഡിഎഫിലെ ഘടകക്ഷികളെപ്പോലെയാണ് പെരുമാറുന്നതെന്നായിരുന്നു കോടിയേരിയുടെ വിമർശനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മാധ്യമങ്ങൾക്ക് നേരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.
ഇടതുപക്ഷത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് എല്ലായിടത്തും നടക്കുന്നതെന്നും മാധ്യമങ്ങളും ഇതിനൊപ്പം ചേരുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. ഇടത് പ്രവർത്തകർ കൊല്ലപ്പെടുന്നത് മാധ്യമങ്ങൾ കാര്യമാക്കുന്നില്ലെന്നും ആരുടെയെങ്കിലും നാവിൻ തുമ്പിലോ പേനത്തുമ്പിലോ അല്ല സിപിഎമ്മെന്ന് ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു.