സ്വന്തം ലേഖകൻ
കോഴിക്കോട്: സ്വർണക്കടത്ത് കേസിലെ പ്രതിയ്ക്ക് മോട്ടോർവാഹനവകുപ്പിന്റെ ഇളവ്. കരിപ്പൂർ സ്വർണക്കടത്ത് കേസിലെ ഏഴാംപ്രതി കാരാട്ട് ഫൈസലിനാണു മോട്ടോർവാഹനവകുപ്പ് നടപടികളിൽ നിന്ന് ഇളവ് ഏർപ്പെടുത്താൻ സൗകര്യമൊരുക്കിയത്. കഴിഞ്ഞ ദിവസം ആർടിഒ ഓഫീസിൽ നേരിട്ടെത്തി ഫൈസൽ അധികസമയം ആവശ്യപ്പെട്ടു. തുടർന്നു രണ്ടു ദിവസത്തേക്കു കൂടി മോട്ടോർവാഹനവകുപ്പ് സമയം അനുവദിച്ചു നൽകുകയായിരുന്നു. സമയം അനുവദിച്ചുകൊടുക്കുന്നതു സ്വാഭാവിക നടപടിയാണെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്.
ജനജാഗ്രത യാത്രയിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കയറി വിവാദമായ ആഢംബര കാറിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടാണു കാരാട്ട് ഫൈസിലിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയത്. ഫൈസലിന്റെ മിനികൂപ്പർ കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ടുള്ള രേഖകളും മറ്റും ഏഴു ദിവസത്തിനുള്ളിൽ ഹാജരാക്കാനായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നത്.
ഫൈസലിന്റെ കാർ ഒരു വർഷമായി കൊടുവള്ളിയിലുണ്ടെന്നാണ് പറയുന്നത്. എന്നാൽ ഇതുവരെ രജിസ്ട്രേഷൻ മാറുവാനോ നികുതി നൽകുവാനോ തയാറായിരുന്നില്ല. കരിപ്പൂർ സ്വർണക്കടത്തു കേസിലെ ഒന്നാംപ്രതി ഷഹബാസിന്റെ പങ്കാളിയാണ് ഫൈസലെന്നാണ് ഡിആർഐ. വ്യക്തമാക്കുന്നത്. ഡിആർഎ അന്വേഷണം പൂർത്തീകരിച്ച കേസ് ഇപ്പോൾ കസ്റ്റംസിന്റെ പരിഗണനയിലാണ്.
പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തപ്പോൾ സ്ഥിരം മേൽവിലാസം കൊടുവള്ളിയിലേതും താത്കാലിക മേൽവിലാസമായി പോണ്ടിച്ചേരിയിലേതുമാണ് നൽകിയത്. ഇക്കാര്യത്തിൽ സ്ഥിരീകരണത്തിനായാണ് കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. നികുതി വെട്ടിച്ച് ആഡംബര കാർ ഓടിക്കുന്നുവെന്ന പരാതിയിൽ കൊടുവള്ളി ജോയിന്റ് ആർടിഒ ആയിരുന്നു ഫൈസലിനു നോട്ടീസ് നൽകിയത്.
കൊടുവള്ളി മുനിസിപ്പൽ വൈസ് ചെയർമാനാണ് പരാതിക്കാരൻ. നോട്ടീസിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് കാരാട്ട് ഫൈസൽ മറുപടി നൽകിയില്ല. ഫൈസലിന്റെ പേരിലുള്ളതെന്നു പറയുന്ന മിനികൂപ്പർ കാറിന്റെ രജിസ്ട്രേഷൻ പോണ്ടിച്ചേരിയിലെ നന്പർ 4, ലോഗമുത്തുമാരിയമ്മൻ കോവിൽ സ്ട്രീറ്റ്, മുത്ത്യൽപേട്ട്, എന്ന വിലാസത്തിൽ താമസിക്കുന്ന ശിവകുമാർ എന്ന അധ്യാപകന്റെ പേരിലാണുള്ളത്.
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുകയാണെങ്കിൽ സർക്കാരിന് എട്ടു ലക്ഷത്തോളം രൂപ നികുതി ലഭിക്കുമെന്നാണ് പറയുന്നത് . ഇതു വെട്ടിക്കാനാണ് ഇവിടെ രജിസ്റ്റർ ചെയ്യാതിരുന്നതെന്നാണ് ആരോപണം. കേരളത്തിലെ വാഹന നിയമം അനുസരിച്ച് അന്യസംസ്ഥാനത്തു നിന്നുള്ള കാർ ഇവിടെ ഓടിക്കുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ രജിസ്ട്രേഷൻ മാറ്റുകയും വാഹന വിലയുടെ 20 ശതമാനം റോഡ് നികുതിയായി അടയ്ക്കുകയും ചെയ്യണം.