പെരിന്തൽമണ്ണ: ആർഎസ്എസ് ഉയർത്തുന്ന വെല്ലുവളി നേരിടാൻ കോണ്‍ഗ്രസുമായി ചേർന്നുള്ള മുന്നണിയിലൂടെ സാധിക്കുമോയെന്ന് മുസ്ലിംലീഗ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോണ്‍ഗ്രസുമായി ചേർന്നു മതനിരപേക്ഷത സംരക്ഷിക്കാനാകില്ല. ഇതു മുൻകാല രാഷ്ട്രീയാനുഭവങ്ങൾ തെളിയിച്ചതാണ്. മാർക്സിസ്റ്റ് വിരോധത്തിന്റെ അടിസ്ഥാനത്തിലുള്ള മുന്നണിക്ക് ദേശീയ രാഷ്ട്രീയത്തിൽ എന്തു പ്രസക്തിയാണിന്നുള്ളതെന്ന് ആലോചിക്കണം.
മതനിരപേക്ഷത കാക്കാൻ മുന്നിട്ടിറങ്ങുന്ന സിപിഎമ്മിനെയാണ് ആർഎസ്എസ് മുഖ്യശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മാർക്സിസ്റ്റ് വിരുദ്ധ രാഷ്ട്രീയം തുടരണമോയെന്ന് ലീഗ് ചിന്തിക്കണമെന്നും സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയതു കോടിയേരി പറഞ്ഞു.കോണ്‍ഗ്രസും ലീഗും മാത്രമുള്ള മുന്നണിയായി യുഡിഎഫ് മാറി. കെ.എം മാണിയടക്കം നിലപാടുകൾ തിരുത്തി യുഡിഎഫ് വിട്ടു. എം.പി വീരേന്ദ്രകുമാർ എംപി സ്ഥാനം രാജിവച്ചു. യുഡിഎഫിനെപ്പോലെ എൻഡിഎയും തകർന്നുവെന്നും കോടിയേരി പറഞ്ഞു. അതേസമയം
ജനസ്വാധീനത്തിലും അംഗബലത്തിലും പാർട്ടിയ്ക്ക് ജില്ലയിൽ ഗണ്യമായ വളർച്ച കൈവരിക്കാൻ കഴിഞ്ഞതായി ജില്ലാ സെക്രട്ടറി പി.പി വാസുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പാർട്ടി അംഗത്വത്തിലുള്ള കൊഴിഞ്ഞുപോക്കു പൂർണമായി പരിഹരിക്കപ്പെട്ടില്ലെങ്കിലും തോതിൽ ലഘൂകരിക്കാൻ കഴിഞ്ഞതായി സമ്മേളന അവലോകനം വ്യക്തമാക്കുന്നു. ജില്ലയിൽ വനിതാ മെംബർമാരുടെ എണ്ണം സംസ്ഥാന ശരാശരിക്കു താഴെയാണ് എത്തി നിൽക്കുന്നതെന്നു റിപ്പോർട്ടിലുണ്ട്.
ഈ പോരായ്മ പരിഹരിക്കാൻ ആസൂത്രിതമായ പ്രവർത്തനം സംഘടിപ്പിക്കും. പാർട്ടി അംഗങ്ങൾ പ്രവർത്തിക്കുന്ന വർഗ സംഘടനകളിലും ബഹുജന സംഘടനകളിലുമായി മൂന്നു ലക്ഷത്തോളം അംഗങ്ങളുടെ വർധനവുണ്ടായിട്ടുണ്ട്. പെരിന്തൽമണ്ണ, മങ്കട, തിരൂരങ്ങാടി, കൊണ്ടൊട്ടി മണ്ഡലങ്ങളിൽ വോട്ട് വർധിപ്പിക്കാനും എൽഡിഎഫിനു കഴിഞ്ഞതായും വിലയിരുത്തി. അതിനിടെ പാർട്ടിക്കു സംഘടനാ സംവിധാനമില്ലാത്ത നൂറിലധികം ബൂത്തുകളിലും വാർഡുകൾ ജില്ലയിലുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇതിനെ മറികടക്കാൻ പാർട്ടി വിപുലപ്പെടുത്തൽ, പ്രക്ഷോഭങ്ങളിൽ പങ്കാളിത്തം വർധിപ്പിക്കൽ തുടങ്ങി ഒട്ടനവധി നിർദേശങ്ങൾ നടപ്പാക്കാനാണ് നിർദേശം. പി.വി. അൻവർ എംഎൽഎയ്ക്കെതിരേ ഉയർന്ന ആരോപണങ്ങൾ പാർട്ടിക്കു തിരിച്ചടിയുണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പൊതുവായ നിലപാടെടുക്കാൻ കഴിയാത്തതു പാർട്ടിക്കു തലവേദനയാകുന്നുണ്ട്.
സമ്മേളനത്തിന്റെ രണ്ടാംദിവസമായ ഇന്നു സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൻമേൽ ചർച്ച തുടരും. ഉച്ചക്കുശേഷം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും മറുപടി പറയും. നാളെയാണ് ജില്ല കമ്മിറ്റി അംഗങ്ങളുടെയും സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ്. റെഡ് വോളണ്ടിയർമാർച്ച്, പൊതുസമ്മേളനം എന്നിവയോടെ സമ്മേളനം സമാപിക്കും.