അങ്കമാലി: സ്വാശ്രയമേഖലയെ നിയന്ത്രിക്കാൻ ശക്തമായ നിയമനിർമാണം കൊണ്ടുവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അങ്കമാലിയിൽ സിപിഎം സംഘടിപ്പിച്ച എ.പി. കുര്യൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ പിടിപ്പുകേടല്ല മറിച്ച് യുഡിഎഫ് സർക്കാരിന്റെ വികലമായ നയങ്ങളാണ് സ്വാശ്രയ മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പണമുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന നിലപാട് ശരിയല്ല. സാമൂഹ്യ നിയന്ത്രണങ്ങളുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് നാടിനാവശ്യം.
ബിജെപിയും യുഡിഎഫും ഇരട്ട സഹോദരങ്ങളാണ്. ബിജെപിയ്ക്കെതിരായുള്ള രാഷ്ട്രീയ ബദലിനാണ് സിപിഎം ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സിപിഎം ജില്ലാകമ്മിറ്റി അംഗം പി.ജെ.വർഗീസ് അധ്യക്ഷത വഹിച്ചു.
എ.പി. കുര്യൻ സ്മാരക ഹാളിന്റെ ഉദ്ഘാടനവും കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു. എ.പി. കുര്യൻ സ്മാരക ലൈബ്രറി ഉദ്ഘാടനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം.സി.ജോസഫൈൻ നിർവഹിച്ചു. ജില്ല സെക്രട്ടറി പി.രാജീവ് എ.പി.കുര്യൻ ട്രസ്റ്റും, എസ്.ശർമ്മ എംഎൽഎ പഠന കേന്ദ്രം ഓഫീസും ഉദ്ഘാടനം ചെയ്തു.