തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേന്പറിലാണ് യോഗം. യോഗത്തിൽ നിന്നും റവന്യു മന്ത്രിയും സിപിഐ നേതാക്കളും വിട്ട് നിൽക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സിപിഐ നേതാക്കൾ ആരും യോഗത്തിൽ പങ്കെടുക്കുന്നില്ല.
ഇടുക്കി ജില്ലാ കളക്ടർ, എസ്.രാജേന്ദ്രൻ എംഎൽഎ, കോണ്ഗ്രസ് നേതാവ് എ.കെ.മണി ഉൾപ്പെടെയുള്ള നേതാക്കളും പ്രാദേശിക നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം യോഗത്തിൽ റവന്യു മന്ത്രി പങ്കെടുക്കാത്തത് അദ്ദേഹത്തിന് അസൗകര്യമുള്ളതിനാലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
എല്ലാ യോഗത്തിലും എല്ലാ മന്ത്രിമാരും പങ്കെടുക്കണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ ക്ഷണിച്ചില്ലെന്ന് പറഞ്ഞ് ആരും വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. യോഗത്തിന്റെ വിവരം ഒരു പാർട്ടിയേയും അറിയിച്ചിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. റവന്യൂ മന്ത്രി പങ്കെടുക്കാത്തതു കൊണ്ട് യോഗതീരുമാനങ്ങൾ നടപ്പിലാക്കുന്നതിൻ പിന്നീട് പ്രശ്നങ്ങളു ണ്ടാകുമോയെന്ന ചോദ്യത്തിന് അതൊക്കെ പിന്നീടുള്ള കാര്യങ്ങളല്ലേയെന്ന് സിപിഐ അസി.സെക്രട്ടറി പ്രകാശ് ബാബു രാഷ്ട്രദീപികയോട് പറഞ്ഞത്.
കഴിഞ്ഞ മാസമാണ് മൂന്നാറിലെ സർവകക്ഷി സംഘം മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. മൂന്നാറിൽ ഒരു സ്വകാര്യ വ്യക്തി കൈവശപ്പെടുത്തി വച്ചിരിക്കുന്ന കെട്ടിടവും സ്ഥലവും ഒഴിയണമെന്ന് കാട്ടി ദേവികുളം സബ് കളക്ടർ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് റവന്യു അധികൃതർക്കെതിരെ സർവകക്ഷി നിവേദക സംഘം മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. തുടർന്നാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്.