തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന പാരന്പര്യം വർഗീയതയുടെ കോമരം തുള്ളലല്ലെന്ന് രമേശ് ചെന്നിത്തല മനസിലാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിചാരധാരയ്ക്ക് പകരം കോണ്‍ഗ്രസിന്റെ ചരിത്രം വായിച്ചുനോക്കിയാൽ ചെന്നിത്തലയ്ക്ക് ഇക്കാര്യം മനസിലാകുമെന്നു പറഞ്ഞ കോടിയേരി, വനിതാ മതിൽ മതപരമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന കെസിബിസിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും പറഞ്ഞു.
വനിതാ മതിൽ മതപരമായ ചേരിതിരിവ് സൃഷ്ടിക്കുമെന്ന കെസിബിസിയുടെ ആശങ്ക തെറ്റിദ്ധാരണയാണ്. മതപരമായ ഒരു വിവേചനവുമില്ലാത്ത, ഒരു മതവിഭാഗത്തേയും അകറ്റിനിർത്താത്ത ഒരു നവോത്ഥാന വൻമതിലാണ് കേരളത്തിൽ ഉയരാൻ പോകുന്നത്. അത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു ചരിത്രഗാഥയായി മാറും- കോടിയേരി പറഞ്ഞു.
ഹിന്ദുക്കളുടെ മൊത്തം അവകാശികളായി നിൽക്കാൻ ആർഎസ്എസ്-ബി ജെ പി സംഘപരിവാരത്തെ ആരാണ് ചുമതലപ്പെടുത്തിയത്. കേരളത്തിൽ ബിജെപിയിലും ആർഎസ്എസിലും ഉള്ളതിനേക്കാൾ എത്രയോ ഇരട്ടി ഹിന്ദുക്കൾ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും എൽഡിഎഫിലുമുണ്ട്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ എന്നൊക്കെ കള്ളികളിലാക്കി തിരിക്കാനും അത്തരത്തിൽ സംസാരിക്കാനും വർഗീയ ധ്രുവീകരണം ഉണ്ടാക്കാനും ശ്രമിക്കുക എന്നത് പുരോഗമന സമൂഹത്തിന് ചേർന്ന രീതിയല്ല- കോടിയേരി പറഞ്ഞു.
മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയതിനാൽ വനിതാമതിൽ വർഗീയമതിലാണെന്നാണു ചെന്നിത്തല മുതൽ എം.കെ.മുനീർ വരെ പറയുന്നത്. അഹിന്ദുക്കൾ മതിലിന്റെ ഭാഗമാകില്ലായെന്ന ഇവരുടെ പ്രചാരണം ശുദ്ധ അസംബന്ധമാണ്. നവോത്ഥാന പാരന്പര്യമെന്നതു വർഗീയതയുടെ കോമരം തുള്ളലല്ലെന്ന് ചെന്നിത്തല മനസിലാക്കണം. വിചാരധാരയ്ക്ക് പകരം കോണ്‍ഗ്രസിന്റെ ചരിത്രം വായിച്ചുനോക്കിയാൽ അത് മനസിലാക്കാൻ സാധിക്കും- കോടിയേരി പറഞ്ഞു.
നേരംകൊല്ലാൻ വേണ്ടി വനിതാമതിലിനെ കുറ്റം പറയുന്നവർ സ്വയം പരിശോധിച്ചു തിരുത്തണമെന്നും ഇല്ലെങ്കിൽ വരുംതലമുറ നിങ്ങളെ കുറ്റക്കാരെന്ന് വിധിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.