തിരുവനന്തപുരം: സംസ്ഥാനത്തെ ആർഎസ്എസ് ശിബിരങ്ങളിൽ കൊലപാതക പരിശീലനമാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ ക്രമസമാധാനം തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും ഈ ലക്ഷ്യം മുൻനിർത്തിയാണ് തിങ്കളാഴ്ച കണ്ണൂരിൽ സിപിഎം പ്രവർത്തകനെ കൊലപ്പെടുത്തിയതെന്നും കോടിയേരി കുറ്റപ്പെടുത്തി.
കൂത്തുപറമ്പിലെ തൊക്കിലങ്ങാടിയിലെ ശിബിരത്തില്‍ വെച്ച് ആസൂത്രണം ചെയ്‌ത കാര്യമാണ് ആർഎസ്എസ് ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നതെന്നും പുതിയ രീതിയിലുള്ള പരിശീലനങ്ങളാണ് മനുഷ്യനെ കൊല്ലാന്‍ ആർഎസ്എസ് നല്‍കുന്നതെന്നും കോടിയേരി ആരോപിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആര്‍എസ്‌എസുകാര്‍ 15 സിപിഎം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര ഭരണത്തിന്‍റെ തണലിലാണ് ആര്‍എസ്‌എസുകാര്‍ അക്രമ പരമ്പരകള്‍ നടത്തുന്നത്. കൊലക്കത്തി താഴെ വയ്‌ക്കാന്‍ നരേന്ദ്രമോദി കേരളത്തിലെ ആര്‍എസ്‌എസുകാരെ ഉപദേശിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.
ആര്‍എസ്‌എസ് ആക്രമണത്തിനെതിരെ സംസ്ഥാന വ്യാപകമായി സമാധാനപരമായ പ്രതിഷേധ പരിപാടികള്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും, പ്രകോപനത്തില്‍ കുടുങ്ങാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ ആഹ്വാനം ചെയ്തു.