തിരുവനന്തപുരം: പാവപ്പെട്ടവരുടെ ഐക്യമാണ് ദേവസ്വം ബോർഡിലെ സംവരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംവരണംകൊണ്ട് പട്ടിണി മാറ്റാനാവില്ലെന്നും താൽക്കാലിക ആശ്വാസം എന്ന നിലയ്ക്കാണ് സർക്കാർ പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംവരണം സംബന്ധിച്ച് സുവ്യക്ത നിലപാടാണ് സിപിഎമ്മിനുള്ളത്. ഇത് എൻഎസ്എസിന്റെയോ എസ്എൻഡിപിയുടെയോ നിലപാടല്ല. നിലവിലുള്ള സംവരണരീതി നിലനിർത്തി മുന്നോക്കക്കാരിലെ പിന്നോക്കക്കാർക്ക് സംവരണം നൽകണമെന്നാണ് പാർട്ടി നിലപാട്. ദേവസ്വം ബോർഡിൽ ഇതുവരെ പിന്നോക്കവിഭാഗങ്ങൾക്ക് സംവരണം ലഭിച്ചിരുന്നില്ല.
സംവരണം ഇല്ലാത്ത മേഖലയിൽ അതു കൊണ്ടുവരികയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്- കോടിയേരി പറഞ്ഞു.നടപടിയിൽ ഭരണഘടനാ ലംഘനമില്ലെന്നും പദ്ധതിയുടെ പേരിൽ സാമുദായിക ധ്രുവീകരണം നടത്താനുള്ള ശ്രമങ്ങളുണ്ടാകുന്നുണ്ടെന്നും കോടിയേരി കുറ്റപ്പെടുത്തി.