തിരുവനന്തപുരം: ഹർത്താലിന്റെ മറവിൽ ചില സങ്കുചിത താത്പര്യക്കാർ സംസ്ഥാനത്ത് ആക്രമണം അഴിച്ചുവിടുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ചില തീവ്രവാദ സംഘടനകൾ ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവു സൃഷ്ടിക്കാനാണു ശ്രമിക്കുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി.
ഹർത്താലിനു രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയുണ്ടെന്നു പ്രചരിപ്പിച്ച് ആൾക്കാരെ കൂട്ടാനുള്ള ശ്രമം നടക്കുന്നുണ്ട്. ഇത്തരം പ്രചരണങ്ങളിൽ സിപിഎം പ്രവർത്തകർ കുടുങ്ങരുത്. കത്വ സംഭവത്തിൽ മതനിരപേക്ഷ, ജനാധിപത്യ മനസുകളെല്ലാം ജാതി, മത ഭേദമന്യേ പെണ്‍കുട്ടിയുടെ കൂടെയാണ്.
ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കാതിരിക്കാൻ സിപിഎം നേതൃത്വത്തിൽ സമാധാനപരമായ രീതിയിൽ നിരവധി പ്രതിഷേധ പരിപാടികൾ രാജ്യമാകെ സംഘടിപ്പിക്കുന്നുണ്ടെന്നും കോടിയേരി പറഞ്ഞു.
സംസ്ഥാനത്തു പ്രതിഷേധ ഹർത്താൽ ആവശ്യമെങ്കിൽ മറ്റ് എല്ലാവരോടും ചർച്ച ചെയ്തു തീരുമാനിച്ചു സംഘടിത പ്രക്ഷോഭമാക്കി മാറ്റുകയാണു വേണ്ടത്. അതിനുപകരം വിഭാഗീയമായ ലക്ഷ്യത്തോടെ ഇത്തരം പ്രതിഷേധങ്ങൾ നടത്തുന്നതു നിക്ഷിപ്ത ലക്ഷ്യങ്ങൾ മുന്നിൽ കണ്ടാണ്.
രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നുവന്ന സാഹചര്യത്തിൽ വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ഈ സംഭവത്തെ ഉപയോഗിക്കാൻ ആരെയും അനുവദിക്കരുതെന്നും കോടിയേരി പറഞ്ഞു.