വടകര: മാധ്യമ വിചാരണ കണ്ട് വിധി പ്രഖ്യാപിക്കേണ്ട ആളല്ല ചീഫ് ഇലക്ടറൽ ഓഫീസറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഒഞ്ചിയം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇലക്ടറൽ ഓഫീസർ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കോടിയേരി പറഞ്ഞു. ഇടതുപക്ഷത്തിനു സീറ്റ് കൂടുതൽ ലഭിക്കുമെന്നായപ്പോഴാണ് കള്ളപ്രചാരണം നടക്കുന്നത്. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നു. ആർക്കെങ്കിലും എതിരെ നടപടിയെടുക്കുന്നുണ്ടെങ്കിൽ ഏകപക്ഷീയമാവരുത്.
രാഹുൽ ഗാന്ധി മത്സരിച്ച വയനാട്ടിൽ 25 കോടി രൂപ ചിലവഴിച്ചപ്പോൾ ഇലക്ടറൽ ഓഫീസർ നടപടിയെടുത്തില്ലെന്നും കോടിയേരി പറഞ്ഞു.ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിലുള്ള പ്രചാരണത്തിൽ ഇലക്ടറൽ ഓഫീസർ കുടുങ്ങിപ്പോകാൻ പാടില്ല. സിഇഒ സ്വയം വിധി പ്രസ്താവിക്കുക മാത്രമല്ല, കുറ്റക്കാരിയെന്നു പറയുന്ന പഞ്ചായത്ത് അംഗം അന്വേഷണഘട്ടത്തിൽ തൽസ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും നിർദേശിച്ചു.
ഇങ്ങനെ നിർദ്ദേശിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് അധികാരമില്ല. തദ്ദേശഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെ പുറത്താക്കാനുള്ള അധികാരം സംസ്ഥാന തെരഞ്ഞെടുപ്പു കമീഷനാണ്. തെറ്റായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ടു ചെയ്യാനേ കഴിയൂ.
ഇവിടെ സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്റെ തലയ്ക്കു മുകളിൽ കയറിയിരിക്കുകയാണ് സിഇഒ. നിയമവിരുദ്ധമായ ഈ നടപടിയെ നിയമപരമായി ചോദ്യം ചെയ്യും. തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ സുതാര്യമായി നടത്താനാണ് ബൂത്തുകളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയത്. കളക്ടറുടെ ഓഫീസിലിരുന്ന് ഇതു മുഴുവൻ നിരീക്ഷിക്കാൻ കഴിയും. ഇതിൽ രഹസ്യമൊന്നുമില്ല.
എന്തോ രഹസ്യം കിട്ടിപ്പോയെന്ന മട്ടിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്പോൾ സിഇഒ അതിനു പിന്നാലെ പോകുന്നത് ശരിയല്ല. ലീഗിന്റെ കള്ളവോട്ട് സംബന്ധിച്ച് ഇലക്ടറൽ ഓഫീസർ നടപടിയെടുക്കുന്നില്ല- കോടിയേരി കുറ്റപ്പെടുത്തി.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രി ടി.പി.രാമകൃഷ്ണൻ, ജില്ലാ സെക്രട്ടറി പി.മോഹനൻ, ഇ.കെ.വിജയൻ എംഎൽഎ, പി.ജയരാജൻ, പി.സതീദേവി, കെ.കെ.ലതിക തുടങ്ങിയവർ പ്രസംഗിച്ചു.