തിരുവനന്തപുരം: എൻഎസ്എസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും രംഗത്ത്. ബിജെപിയുടെ വർഗീയ സമരങ്ങൾക്ക് തീ പകരാനുള്ള നടപടിയാണ് എൻഎസ്എസ് ജനറൽ സെക്രട്ടറിയിൽ നിന്നുണ്ടായിരിക്കുന്നതെന്ന് കോടിയേരി വ്യക്തമാക്കി. പാർട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലായിരുന്നു കോടിയേരിയുടെ വിമർശം.
ഈ മാസം 26ന് ആർഎസ്എസ് നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനുള്ള സുകുമാരൻ നായരുടെ ആഹ്വാനം എൻഎസ്എസിന്റെ പാരന്പര്യത്തിന് നിരക്കുന്നതല്ല. മന്നത്തിന്റേയും ചട്ടന്പി സ്വാമിയുടേയും ആശയമാണ് വനിതാ മതിലിൽ തെളിയുന്നത്.
മതിലിൽ വിള്ളൽ വീഴ്ത്താനുള്ള ആർഎസ്എസ് ശ്രമത്തിന് കൂട്ടുനിൽക്കുന്ന എൻഎസ്എസ് നേതൃത്വത്തിന്റെ നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയാണ്. ഈ വഴിതെറ്റലിൽ നിന്ന് മോചിതമാകാൻ എൻഎസ്എസ് നേതൃത്വം തയാറാക്കണമെന്ന് ലേഖനത്തിൽ പറയുന്നു.
എൻഎസ്എസിന്റേത് നവോത്ഥാനപാതയിൽ നിന്നുള്ള വ്യതിചലനമാണ്. സുകുമാരൻ നായർ വനിതാ മതിലിനെ തുടക്കം മുതൽ എതിർക്കുകയും ഇതിന്റെ മറവിൽ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയുമാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അനുഭവിക്കുമെന്ന ഉഗ്രശാപം പുറപ്പെടുവിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പുകളിൽ പുലർത്തി വന്ന സമദൂരമെന്ന നിലപാട് ശരിദൂരമാക്കി കമ്യൂണിസ്റ്റു വിരുദ്ധ ശക്തികളെ സഹായിക്കുമെന്ന നിലപാട് ഒട്ടും യോജിച്ചതല്ലെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.