പഴയങ്ങാടി: ശബരിമലയുടെ പേരിൽ കേരളത്തിൽ നടക്കുന്നത് രണ്ടാം വിമോചന സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ചെറുതാഴം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അതിയടത്തെ മനോജ്-ചന്ദ്രമതി ദന്പതിമാർക്ക് നിർമിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഉൾപ്പെടെ അനുകൂലിക്കുന്ന സുപ്രീംകോടതി വിധിക്കെതിരേ ബിജെപി സമരം ചെയ്യുന്നത് ഗവൺമെന്റിനെ അട്ടിമറിക്കാനാണ്. ശബരിമല വിഷയത്തിൽ ജനകീയ ഇടപെടലോടെ സുപ്രീംകോടതി വിധി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ടി.വി. രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. പി.വി. അപ്പക്കുട്ടിയുടെ പേരിൽ നടത്തിയ ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം ഒ.വി. നാരായണൻ, ഏരിയാ സെക്രട്ടറി കെ. പദ്മനാഭൻ, പി. കുഞ്ഞിക്കണ്ണൻ, ഐ.വി. ശിവരാമൻ, ടി.വി. പദ്മനാഭൻ, എം. ശ്രീധരൻ, എം.വി. ശകുന്തള, വി.വി. ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.