തൃശൂർ: യുഡിഎഫ് ഗെയിൽ പൈപ്പ് ലൈൻ പദ്ധതിയെ എതിർക്കുന്നത് ഇരട്ടത്താപ്പാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് ജനജാഗ്രതയാത്രയുടെ വടക്കൻമേഖലാ ജാഥാ സമാപനയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു കോടിയേരി. ഉമ്മൻചാണ്ടിയുടെ കാലത്തായിരുന്നു പദ്ധതിയുടെ തുടക്കം.
ഗെയിൽ പൈപ്പ് ലൈൻ അപകടരഹിതമാണെന്നു ലീഗ് എംഎൽഎമാരുടെ ചോദ്യത്തിന് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി മറുപടി നൽകിയിട്ടുണ്ട്. പദ്ധതി നടപ്പായാൽ വൈദ്യുതിയും വെള്ളവുംപോലെ പാചകവാതകവും ജനങ്ങൾക്കു സുലഭമായി ലഭിക്കും. അത് ഇല്ലാതാക്കാനാണ് യുഡിഎഫിന്റെ ശ്രമം.
ഏതു വികസനം വന്നാലും എതിരുനിൽക്കുന്ന സമീപനമാണ് എസ്ഡിപിഐ, സോളിഡാരിറ്റി എന്നീ സംഘടനകൾ സ്വീകരിക്കുന്നത്. യുഡിഎഫ് ഇതിനു കൂട്ടു നിൽക്കുകയാണ്- കോടിയേരി പറഞ്ഞു. ഇതു കേന്ദ്രസർക്കാർ പദ്ധതിയാണ്. എന്നാൽ എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനത്ത് വികസനം തടസപ്പെടുത്തുന്ന നയമാണു ബിജെപി സ്വീകരിക്കുന്നത്. ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ അതു പരിഹരിക്കുന്ന സർക്കാരാണു കേരളത്തിലുള്ളത്.
സ്ഥലം വിട്ടുകൊടുക്കുന്ന കർഷകർക്കു ന്യായമായ നഷ്ടപരിഹാരം നൽകും. ഒരിക്കലും അവർക്കു കണ്ണീരുകുടിക്കേണ്ടി വരില്ല. എല്ലാ വികസനങ്ങളെയും കോണ്‍ഗ്രസ് എതിർക്കുന്ന നിലതുടർന്നാൽ അടുത്ത അഞ്ചുവർഷത്തിനകം കോണ്‍ഗ്രസിന്റെ ഓഫീസ് തുറക്കാൻപോലും ആളെ കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.