ചാരുംമൂട് :വരുന്ന ലോക്സഭാ തെരെഞ്ഞെടുപ്പിൽ ബി ജെ പി യെയും നരേന്ദ്ര മോദിയെയും അധികാരത്തിൽ നിന്ന് പുറത്താക്കുകയും കേന്ദ്രത്തിൽ ഒരു മത നിരപേക്ഷ സർക്കാർ രൂപീകരിക്കുകയും വേണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ .എൽ ഡി എഫ് കേരള സംരക്ഷണ യാത്രയുടെ ആലപ്പുഴ ജില്ലയിലെ സ്വീകരണ പരിപാടിക്ക് തുടക്കം കുറിച്ച് ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് സാധ്യമാകാൻ കേരളത്തിൽ ലോകസഭാ തെരെഞ്ഞെടുപ്പിൽ ഇടതുപക്ഷം ജയിക്കണം. ബി ജെ പി യ്ക്ക് ബദലായി കേന്ദ്രത്തിൽ ഒരു മത നിരപേക്ഷ സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയൂ.കോണ്‍ഗ്രസുകാർ കാലുമാറി ബി ജെ പിയിൽ പോകും .കോണ്‍ഗ്രസുകാരെ കോടികൾ കൊടുത്ത് ബി ജെ പിക്ക് വിലക്കെടുക്കാം എന്നാൽ ഇടതുപക്ഷത്തെ ഒരാളെ പോലും ആയിരം കോടി കൊടുത്താലും വിലക്കെടുക്കാൻ കഴിയില്ല.
അതാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻറ്റെ പ്രത്യേകത.മോദിഭരണത്തിൽ മത ന്യൂനപക്ഷങ്ങൾക്കും കുട്ടികൾക്കും സ്ത്രീകൾക്കും കർഷകർക്കും ജീവിക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യയെ മാറ്റി.സൈനികരുടെ ജീവനുപോലും സുരക്ഷിതത്വമില്ല.
ജഡ്ജിമാരും സാഹിത്യകാര·ാരും കൊലചെയ്യപ്പെടുന്നു.ഇതുപോലൊരു അവസ്ഥ ഇന്ത്യയിൽ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.മോദിഭരണത്തിൽ മനുഷ്യന് രക്ഷയില്ല പശുവിന് രക്ഷ എന്ന അവസ്ഥയായി.ഇന്നേവരെ പട്ടികജാതി ഈഴവ വിഭാഗത്തിൽ നിന്നും ഒരാളെ പോലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ പൂജാരിയാക്കാൻ കഴിഞ്ഞിരുന്നില്ലന്നും എന്നാൽ എൽ ഡി എഫ് സർക്കാരിനെ കൊണ്ട് അത് സാധിച്ചെന്നും കോടിയേരി പറഞ്ഞു.
ശബരിമല സ്ത്രീപ്രവേശന വിഷയമുയർത്തി ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനും കലാപമുണ്ടാക്കാനുമാണ് സംഘപരിവാർ ശ്രമിച്ചത്.തെരഞ്ഞെടുപ്പിലെ സർവേ റിപ്പോർട്ടുകൾ വിശ്വസിക്കാനോ കണക്കിലെടുക്കാനോ പാടില്ലെന്നും ഇത് ചതിക്കുഴികളാണെന്ന് പ്രവർത്തകർ തിരിച്ചറിഞ്ഞ് പ്രവർത്തിക്കണമെന്നും കോടിയേരി പറഞ്ഞു.
എൽ ഡി എഫ് നിയോജക മണ്ഡലം കണ്‍വീനർ ജേക്കബ് ഉമ്മൻ അധ്യക്ഷത വഹിച്ചു.പി സതീദേവി,ആൻറണി രാജു,സി എസ് സുജാത,പി പ്രസാദ്,വർഗീസ് ജോർജ്,ഡീക്കൻ റോയ് കല്ല്യാത്ര,കാസിം ഇരിക്കൂർ,റ്റി ജെ ആഞ്ചലോസ്,പുരുഷോത്തമൻ,ആർ നാസർ,ആർ രാജേഷ് എം എൽ എ,കെ എച്ച് ബാബുജാൻ,കെ രാഘവൻ,തുടങ്ങിയവർ പ്രസംഗിച്ചു.