തൃശൂർ: പോലീസിനെ കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിച്ചാൽ എത്ര ഉന്നതരായാലും കർശന നടപടിയുണ്ടാകുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തൃശൂരിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഐപിഎസുകാർ കേരളത്തിന്റെ സംസ്കാരത്തിന് അനുസരിച്ച് മാറാൻ തയാറാകണം. പോലീസിനെ നിയമിക്കുന്നതു പിഎസ്സി വഴിയാണ്. പോലീസുകാർ ഇത്തരത്തിൽ അടിമപ്പണി ചെയ്യേണ്ടന്ന തിരിച്ചറിവ് അവർക്കു വന്നതുകൊണ്ടാണ് പ്രതികരണങ്ങൾ ഉണ്ടായത്. അത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ജോലി ചെയ്യുന്നവർ ഇവിടുത്തെ രീതികൾ പാലിക്കണം. ഇതര സംസ്ഥാനങ്ങളിൽ പോലീസിനെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കുന്നുണ്ട്. കേരളത്തിൽ അപൂർവം ഓഫീസർമാരെക്കുറിച്ചാണ് പരാതി ഉയർന്നിട്ടുള്ളത്. എൽഡിഎഫ് സർക്കാർ ഒരു കാരണവശാലും ഇത് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പഴയ കാലത്ത് ഓർഡർലി സന്പ്രദായമുണ്ടായിരുന്നു. അതു നിരോധിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിച്ച പോലിസുകാരെ മുൻകാലങ്ങളിൽ ഇത്തരം പണികളെടുപ്പിച്ചിരുന്നു. 1980 മുതൽ പിഎസ്സി വഴിയാണ് പോലീസ് നിയമനം. ഒരു തരത്തിലുള്ള വീട്ടുവേലയും ഇവർ ഓഫീസർമാർക്കു വേണ്ടി ചെയ്യേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി.