തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പ് എന്നു നടന്നാലും നേരിടാൻ എൽഡിഎഫ് സജ്ജമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എൽഡിഎഫ് കേരള സംരക്ഷണയാത്രയുടെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു കോണ്ഗ്രസുകാരൻ പോലും കേരളത്തിൽനിന്നു വിജയിച്ചില്ല. 2019ലും ഇതാണ് ആവർത്തിക്കാൻ പോകുന്നത്. ബിജെപിക്കു സീറ്റു കിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വിശ്വാസത്തിന്റെ പേരിൽ കേരളത്തിലെ ജനങ്ങളെ ഭിന്നിപ്പിക്കാനാകില്ലെന്നതിന്റെ തെളിവാണ് എൽഡിഎഫ് ജാഥകൾക്കു ലഭിച്ച ആവേശകരമായ സ്വീകരണങ്ങളിൽ വ്യക്തമായതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണൻ നയിച്ച തെക്കൻ മേഖലാ ജാഥയും കാനം രാജേന്ദ്രൻ നയിച്ച വടക്കൻ മേഖലാ ജാഥയുമാണ് തൃശൂരിൽ സംഗമിച്ചത്. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, വി.എസ്. സുനിൽകുമാർ, എ.സി. മൊയ്തീൻ, സംഘാടകസമിതി ചെയർമാൻ സി.എൻ. ജയദേവൻ എംപി, ജാഥാംഗങ്ങളായ എം.വി. ഗോവിന്ദൻ, പി. വസന്തം, സി.കെ. നാണു എംഎൽഎ, ബാബു കാർത്തികേയൻ, സി.ആർ. വത്സൻ, പ്രഫ. ഷാജി കടമല, ഷേക്ക് പി. ഹാരീസ്, എ.പി. അബ്ദുൾ വഹാബ്, എ.ജെ. ജോസഫ്, നജീബ് പാലക്കണ്ടി, കെ. പ്രകാശ് ബാബു, പി. സതീദേവി, ബിജിലി ജോസഫ്, പി.കെ. രാജൻ, യു.ബാബു ഗോപിനാഥ്, ഡീക്കൻ തോമസ് കയ്യത്ര, എൽഡിഎഫ് ജില്ലാ കണ്‍വീനർ കെ. രാധാകൃഷ്ണൻ, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.