തൃശൂർ: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി ഇപ്പോൾ സർക്കാരിന്റേയോ മുന്നണിയുടേയോ അജണ്ടയിലില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാനില്ലെന്നു സർക്കാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ എൻഒസി പുതുക്കുകമാത്രമാണ് ചെയ്തത്. അത് കേന്ദ്ര സർക്കാർ ചോദിച്ചത് കൊണ്ടാണ്. ഏതെങ്കിലും കാലത്ത് പദ്ധതി വേണമെന്ന് തോന്നിയാൽ ആ സമയത്ത് പദ്ധതിക്ക് കേന്ദ്രം എൻഒസി നൽകണമെന്ന് നിർബന്ധമില്ലെന്നും അതുകൊണ്ട് കൂടിയാണ് പുതുക്കാൻ തീരുമാനിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അതിരപ്പള്ളി വിവാദത്തിന് പ്രസക്തിയില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സ്പ്രിംക്ലർ വിവാദം ഉടലെടുത്തതിന് പിന്നാലെ പാർട്ടി ഇക്കാര്യം വിശദമായി പരിശോധിച്ചിരുന്നവെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പ്രതിപക്ഷ ആരോപണം വന്നതിന് പിന്നാലെ അസാധാരണ സാഹചര്യത്തിലുണ്ടാക്കിയ കരാറിന് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാനായിട്ടില്ലെന്ന് സർക്കാർ തന്നെ വിശദീകരിച്ചതാണ്.
പ്രശ്നം ഉയർന്ന് വന്നത് എല്ലാം പാർട്ടി പരിശോധിച്ചിട്ടുണ്ട് .സാന്പത്തിക ബാധ്യത സർക്കാരിനില്ലാത്തത് കൊണ്ടാണ് കരാർ വേളയിൽ പ്രത്യേക ചർച്ച നടത്താതിരുന്നതെന്ന് കോടിയേരി പറഞ്ഞു.
ഇതൊരു പുതിയ അനുഭവമാണ്. ഇത് പിന്നീട് വിലയിരുത്തേണ്ടിവരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പരസ്യമായി നിലപാടെടുത്തിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
പാർട്ടിയും സർക്കാരും രണ്ട് വഴിക്കാണെന്നു വരുത്തി തീർക്കാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നുണ്ട്. പക്ഷെ അത്തരമൊരു സാഹചര്യം നിലവിലില്ല. പാർട്ടിയും സർക്കാരും രണ്ടല്ല എന്ന് ഏറ്റവും അധികം മനസിലാക്കുന്നതും തിരിച്ചറിയുന്നതും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്.
മുഖ്യമന്ത്രി പാർട്ടിക്ക് അതീതനായി പ്രവർത്തിക്കുന്ന സാഹചര്യം ഇല്ല. എല്ലാ ഘട്ടത്തിലും മുഖ്യമന്ത്രി ഏകെജി സെന്ററുമായി ബന്ധപ്പെടുന്നുണ്ട്. ആഴ്ചയിലൊരിക്കൽ പാർട്ടിയോഗത്തിൽ പങ്കെടുക്കുന്നു. ഒരുതരത്തിലുള്ള ആശയക്കുഴപ്പത്തിനും ഇപ്പോൾ സാധ്യത നിലനിൽക്കുന്നില്ലെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.
അസാധാരണ സാഹചര്യത്തിലാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് വരുന്നതെന്നും പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് പ്രവർത്തന സംവിധാനത്തിൽ മാറ്റം വരണമെന്നും തെരഞ്ഞെടുപ്പിൽ വലിയ വിജയമാണ് പാർട്ടി പ്രതീക്ഷിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
നാലുവോട്ടുപിടിക്കാൻ തീവ്രവാദത്തോടു പോലും സന്ധി ചെയ്യും വിധം യുഡിഎഫ് അധ:പതിച്ചുവെന്നും ന്നൊൽ ഇത്തരം കക്ഷികളുമായൊന്നും ഒരു സഖ്യത്തിനും സി.പിഎം ഒരുക്കമല്ലെന്നും കോടിയേരി വ്യക്തമാക്കി.
യുഡിഎഫിൽ നേതൃത്വതർക്കം വലിയൊരു തർക്കമായി വരും ദിവസങ്ങളിൽ ഉയർന്നുവരുമെന്നും കോടിയേരി പറഞ്ഞു.കേരള കോണ്ഗ്രസുകാരുമായി യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്നും നടക്കുന്നത് ചക്കളത്തി പോരാട്ടമാണെന്നും കോടിയേരി പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ പരാമർശം നടത്തി എന്തുകൊണ്ട് ഇത്തരമൊരു നിലപാടിലേക്ക് താഴന്നുവെന്ന് സ്വയം വിലയിരുത്തണം. ദുരഭിമാനം കൊണ്ടാണ് മുല്ലപ്പള്ളി പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നതെന്നും കോടിയേരി പറഞ്ഞു.