വടക്കാഞ്ചേരി നീതു ജോണ്‍സന്‍ വിവാദത്തില്‍ സിപിഎമ്മിനെ പരിഹസിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി. വിസ്മയത്തുമ്പത്ത് സിനിമയിലെ മോഹന്‍ലാലിന്റേയും നയന്‍താരയുടെയും സീനിന്റെ ചിത്രം പങ്കുവെച്ചാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതികരണം.
”ഒടുവില്‍ വേദനയോടെ ഞങ്ങള്‍ ആ സത്യം മനസിലാക്കി. നീതു ജോണ്‍സന്‍ സഖാക്കള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു പ്രത്യേകതരം കുട്ടിയാണ്.
” എന്നാണ് നീതു ജോണ്‍സണ്‍, ക്യാപ്‌സ്യൂള്‍ ടാക്‌സി എന്നീ ഹാഷ് ടാഗുകളോടെ കോണ്‍ഗ്രസ് നേതാവ് കൊടിക്കുന്നില്‍ സുരേഷ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പുറമ്പോക്കില്‍ താമസിക്കുന്ന താനും അമ്മയും ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട വടക്കാഞ്ചേരി ഫ്‌ളാറ്റിനായി അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്ത് ഫ്‌ളാറ്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് അത് ഇല്ലാതെ ആക്കരുതെന്നും പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ നീതു ജോണ്‍സണ്‍ എന്ന പേരിലെഴുതിയ കത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
അനില്‍ അക്കരയുടെയും കോണ്‍ഗ്രസ് കൗണ്‍സിലര്‍ സൈറ ബാനുവിന്റെയും പേരെടുത്ത് പറഞ്ഞായിരുന്നു കുറിപ്പ്. വടക്കാഞ്ചേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയെന്നാണ് കത്തില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഈ പേരില്‍ ഉള്ള ആരും തന്നെ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് കണ്ടെത്തിയതായി അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോഴാണ് മങ്കരയിലെ റോഡരികില്‍ രണ്ട് മണിക്കൂര്‍ കാത്തുനില്‍ക്കുമെന്ന് എംഎല്‍എ അറിയിച്ചത്.
കുട്ടിയും അമ്മയും ഏത് സമയത്ത് വന്നാലും സഹായിക്കുമെന്നും വീട് വെച്ചു നല്‍കുമെന്നും അനില്‍ അക്കരെ ഉറപ്പു നല്‍കി.
കൂടാതെ കുട്ടിയെ കണ്ടെത്താനായി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഒരു ദിവസം മുഴുവന്‍ കാത്തുനിന്നിട്ടും ആരും വന്നില്ല.