സ്വന്തം ലേഖകൻ
തിരുവനന്തപുരം: മകൻ ബിനീഷ് കേസിൽ പ്രതിയായതുകൊണ്ട് പാർട്ടി സെക്രട്ടറിസ്ഥാനം കോടിയേരി ബാലകൃഷ്ണൻ ഒഴിയേണ്ട കാര്യമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചർച്ച ചെയ്ത യോഗത്തിന്റെ തുടക്കത്തിൽ തന്നെ കോടിയേരി നിലവിലെ രാഷ്ട്രീയ സാഹചര്യവും ഒപ്പം ബിനീഷുമായി ബന്ധപ്പെട്ടുള്ള കേസും റിപ്പോർട്ട് ചെയ്തു.
കേസിൽ താൻ ഒരിക്കലും ഇടപെടില്ല. പാർട്ടി സെക്രട്ടറി സ്ഥാനം ഇതിനായി ദുരുപയോഗം ചെയ്യേണ്ട ഒരു സാഹചര്യവും ഉണ്ടാകില്ല.
കേസ് ബിനീഷിന്റെ കുടുംബം നോക്കിക്കൊള്ളുമെന്നും ഇക്കാര്യത്തിൽ എന്തു തീരുമാനം വേണമെങ്കിലും പാർട്ടിക്കു തീരുമാനിക്കാമെന്നും കോടിയേരി ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റിൽ അറിയിച്ചു.
ബിജെപി സർക്കാർ കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്നു സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. കേസ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം രാഷ്ട്രീയ പ്രചാരണായുധമായി ഉപയോഗിക്കും.
ഇതിനെ പ്രതിരോധിക്കാൻ ശക്തമായ രാഷ്ട്രീയ പ്രചാരണം സംഘടിപ്പിക്കാനും തീരുമാനിച്ചു. ഇന്നു ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിലും വിഷയം ഉയർന്നുവരും.