കൊട്ടാരക്കര: കെപിസിസി വർക്കിംഗ് പ്രസിഡന്റായി നിയോഗിക്കപ്പെട്ട കൊടിക്കുന്നിൽ സുരേഷ് എംപി മുൻ മന്ത്രിയും കേരളാ കോണ്ഗ്രസ് (ബി) നേതാവുമായ ആർ.ബാലകൃഷ്ണപിള്ളയെ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ വസതിയിൽ എത്തി കൂടി കാഴ്ച നടത്തി.
കേരള രാഷ്ട്രീയത്തിലെ അതികായകനായ ആർ.ബാലകൃഷ്ണപിള്ളയെ കണ്ട് അനുഗ്രഹം വാങ്ങാൻ കൊടിക്കുന്നിൽ സുരേഷ് തയാറായത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചാ വിഷയമായി. രണ്ടു മുന്നണികളിലാണെങ്കിൽ പോലും പഴയ സൗഹൃദവും കടപ്പാടും മറക്കാതെ തനിക്ക് പുതിയ പദവി ലഭിച്ചപ്പോൾ അതിന്റെ ചുമതല ഏൽക്കുന്നതിന് മുന്പ് യുഡിഎഫിന്റെ സ്ഥാപക നേതാവായിരുന്ന ആർ.ബാലകൃഷ്ണപിള്ളയെ നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കൊടിക്കുന്നിൽ സുരേഷ് എംപി കാണിച്ച മാതൃകാപരമായ നടപടി രാഷ്ട്രീയ ഭേദമന്യേ എല്ലാവരിലും മതിപ്പുളവാക്കി.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരുപാട് കടപ്പാടുള്ള വ്യക്തിയാണ് ആർ.ബാലകൃഷ്ണപിള്ളയെന്നും യുഡിഎഫ് മുന്നണിയിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് വലിയ അനുഭവമാണെന്നും കൊടിക്കുന്നിൽ ഓർമിപ്പിച്ചു. ജനപ്രതിനിധി എന്ന നിലയിൽ തനിക്ക് അടൂർ, മാവേലിക്കര എന്നീ ലോക്സഭാ മണ്ഡലങ്ങളിൽ വിജയിക്കാൻ കഴിഞ്ഞത് ആർ.ബാലകൃഷ്ണപിള്ളയുടെ കൂടി സഹായം ഉണ്ടായിരുന്നതുകൊണ്ടാണെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നു.
ഈ കടപ്പാട് എന്നും മനസിലുള്ളതു കൊണ്ടാണ് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പദവി ലഭിച്ചപ്പോൾ വന്ന വഴി മറക്കാതെ കൈ പിടിച്ചുയർത്തിയവരേയും സഹായിച്ചവരേയും വിസ്മരിക്കാതെ കൊടിക്കുന്നിൽ സുരേഷ് എം.പി ആർ.ബാലകൃഷ്ണപിള്ളയെ അദ്ദേഹത്തിന്റെ വസതിയിൽ ചെന്ന് കണ്ട ് അനുഗ്രഹം വാങ്ങിയത്.
അരമണിക്കൂർ കൂടിക്കാഴ്ചയിൽ കൊടിക്കുന്നിൽ രാഷ്ട്രീയ കാര്യങ്ങൾ ഒന്നും ചർച്ച ചെയ്യാതെ അദ്ദേഹത്തിന്റെ ആരോഗ്യകാര്യത്തെ കുറിച്ച് ചോദിച്ചറിയുകയും കെപിസിസി വർക്കിംഗ് പ്രസിഡന്റായതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.
തന്റെ വസതിയിൽ അനുഗ്രഹത്തിനായി എത്തിയ വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെ ആർ.ബാലകൃഷ്ണപിള്ള തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. തന്നോട് യാതൊരു വിദ്വേഷവും പരിഭവവും കാണിക്കാതെ സ്നേഹപൂർവ്വം സ്വീകരിക്കുകയും തനിക്ക് ലഭിച്ച പദവിയെ അഭിനന്ദിക്കുകയും ചെയ്തു. ഈ പദവിയിലിരുന്നു കൊണ്ട ് നല്ല പ്രവർത്തനങ്ങൾ കാഴ്ച വെച്ച് ഇനിയും ഉയർന്ന സ്ഥാനങ്ങളിലേക്ക് പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.