ശാസ്താംകോട്ട: അക്രമരാഷ്ര്ടീയവും കൊലപാതകവും കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ചതാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്റെ ഒരു വർഷത്തെ ഭരണനേട്ടമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആരോപിച്ചു.
കോൺഗ്രസ് കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൂത്ത് നമ്പർ 62 കുന്നത്തൂർ കിഴക്ക് ഫാക്ടറി ജംഗ്ഷനു സമീപം സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എതിരഭിപ്രായം പറയുന്നവരെ കൊന്നൊടുക്കുകയെന്നതാണ് സിപിഎമ്മിന്റെയും ബിജെപിയുടെയും നയം. സിപിഎമ്മിന്റെയും ബിജെപിയുടെയും ലക്ഷ്യം കോൺഗ്രസിനെ കുഴിച്ചുമൂടുകയെന്നതാണ്. ആരെയും കൊല്ലുന്ന പാർട്ടിയല്ല കോൺഗ്രസ്.
സമാധാനത്തിന്റെയും ശാന്തിയുടെയും പാതയിലൂടെ സഞ്ചരിക്കുന്ന പാർട്ടിയാണിത്. ഇവിടെ നിലനിൽക്കേണ്ട പാർട്ടിയും കോൺഗ്രസ് തന്നെയാണ്. ശക്തമായ ജനപിന്തുണയോടെയാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തതിന്റെ ദുരിതം രാജ്യത്തെ ജനങ്ങൾ അനുഭവിക്കുകയാണ്.
കേരളത്തിലെയും അവസ്ഥ ഇതുതന്നെ. ബിജെപി ഭരിക്കുന്നതും മോദി പ്രധാനമന്ത്രിയായിരിക്കുന്നതും പണക്കാർക്കും സമ്പന്നർക്കും വേണ്ടി മാത്രമാണ്. ഗുജറാത്തിൽ രാഹുൽഗാന്ധിയെ കല്ലെറിഞ്ഞതിലൂടെ ബിജെപിയുടെയും ആർഎസ്എസിന്റെയും സംസ്കാരമാണ് തെളിഞ്ഞിരിക്കുന്നതെന്നും കൊടിക്കുന്നിൽ പരിഹസിച്ചു.
ബൂത്ത് പ്രസിഡന്റ് കെ.ജഗദൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കാരുവള്ളി ശശി, കെപിസിസി അംഗം എം.വി ശശികുമാരൻ നായർ, കുന്നത്തൂർ ബാലൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.സുകുമാരൻ നായർ, കുന്നത്തൂർ പ്രസാദ്, മണ്ഡലം പ്രസിഡന്റ് റ്റി.എ സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം കാരയ്ക്കാട്ട് അനിൽ, പഞ്ചായത്തംഗങ്ങളായ അതുല്യാരമേശൻ, ശ്രീദേവിയമ്മ, ഷീജാ രാധാകൃഷ്ണൻ, തെങ്ങും തുണ്ടിൽ രാധാകൃഷ്ണപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കൽ, അവാർഡ്ദാനം, പഠനോപകരണ വിതരണം തുടങ്ങിയവയും നടന്നു.