കൊട്ടാരക്കര: പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുവാൻ രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും മുന്നിട്ടിറങ്ങണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അഭിപ്രായപ്പെട്ടു. പുത്തൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ജില്ലാ തല സ്കൂൾ പ്രവേശനോത്സവം ഉദ്ഘടാനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
സ്വകാര്യ മേഖലയിലെ അൺ എയ്ഡഡ് സ്കൂളുകളേക്കാൾ മെച്ചപ്പെട്ട വിദ്യാഭ്യാസവും മികച്ച വിജയവും ആധുനിക സൗകര്യങ്ങളുമാണ് സർക്കാർ സ്കൂളുകളിൽ ലഭിക്കുന്നതെങ്കിലും ഇതിനെ പലരും അവജ്‌ഞയോടെയാണ് നോക്കി കാണുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു.
വലിയ തുക മുടക്കി അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ചാൽ മാത്രമേ ഡോക്ടർമാരും എൻജീനിയർമാരുമായി തങ്ങളുടെ മക്കൾ മാറുകയുള്ളുവെന്ന പൊതുസമൂഹത്തിലെ അന്ധമായ ചിന്താഗതിയാണ് രക്ഷിതാക്കളെ ഇത്തരത്തിൽ പ്രേരിപ്പിക്കുന്നത്. ഇതിന് മാറ്റം ഉണ്ടായാൽ മാത്രമേ സർക്കാർ വിദ്യാലയങ്ങളും മാതൃഭാഷയും രക്ഷപ്പെടുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വകാര്യ മേഖലയിലെ എയ്ഡഡ് സ്കൂളുകളെയും സർക്കാർ സ്കൂളുകളെയും ഭരണാധികാരികൾ രണ്ട് തരത്തിൽ കാണരുതന്നും സർക്കാർ സ്കൂളുകൾക്ക് നൽകുന്ന മെച്ചപ്പെട്ട സൗകര്യങ്ങൾ സ്വകാര്യ മേഖലയിലെ എയ്ഡഡ് സ്കൂളുകൾക്കും ലഭ്യമാക്കുവാൻ ഭരണാധികാരികൾ മുൻകൈ എടുക്കണമെന്നും എംപി ആവശ്യപ്പെട്ടു.
പുത്തൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് പ്രവേശന കവാടം നിർമിക്കുന്നതിനായി എം പി ഫണ്ടിൽ നിന്നും തുക അനുവദിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. എ.അയിഷാപോറ്റി എംഎൽഎ അധ്യക്ഷത വഹിച്ചു. വിദ്യാഭാസ വകുപ്പ് മന്ത്രിയുടെ പ്രവേശനോത്സവ സന്ദേശം എസ് എസ് എ ജില്ലാ പ്രോജക്റ്റ് ഓഫീസർ ബി. രാധാകൃഷ്ണൻ ഉണ്ണിത്താൻ വായിച്ചു.
ഹരിത വിദ്യാലയ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് അംഗം ആർ. രശ്മിയും പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസണും നിർവഹിച്ചു. പഠനത്തിൽ ഉന്നത നിലവാരം പുലർത്തിയ വിദ്യാർഥികൾക്കുള്ള മിൽമ കൊല്ലം ഡയറി യൂണിറ്റിന്‍റെ പുരസ്കാരങ്ങൾ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഡയറക്ടർ ബോർഡ് അംഗം എസ്. ഗീത വിതരണം ചെയ്തു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ശിവശങ്കര പിള്ള, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആർ. ദീപ, എസ്. ശശികുമാർ, കുളക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, മിൽമ കൊല്ലം ഡയറി മാനേജർ ജി. ഹരിഹരൻ, കെ. വസന്തകുമാരി, വി. ആർദ്ര, റ്റി. ഷീല, ക്രിസ്റ്റൽ ജോൺ, മാവടി രാധാകൃഷ്ണൻ, ആറ്റുവാശേരി അജി, മൈലംകുളം ദിലീപ്, സ്കൂൾ എച്ച് എം എം. ആർ ഉഷാദേവി, പ്രിൻസിപ്പൽ ആർ. അജിതാകുമാരി എന്നിവർ പ്രസംഗിച്ചു.
ജില്ലാപ്രവേശനോത്സവത്തിൽ രണ്ടായിരത്തോളം വിദ്യാർഥികളും അവരുടെ രക്ഷാകർത്താക്കളുമാണ് പങ്കെടുത്തത്. ഇവർക്കായി സ്കൂളിൽ ഉച്ചഭക്ഷണവും മിൽമ കൊല്ലം ഡയറി യൂണിറ്റിന്റെ വകയായി ഐസ്ക്രീം, പേട തുടങ്ങിയ ഉല്പന്നങ്ങളും വിതരണം ചെയ്തു.