മങ്കൊമ്പ്: കേന്ദ്ര–സംസ്ഥാന സർക്കാരുകൾ കുട്ടനാടിനോടു അവഗണന കാട്ടുന്നുവെന്നാരോപിച്ച് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ നാളെ കിടങ്ങറയിൽ 48 മണിക്കൂർ രാപ്പകൽ സമരം നടത്തുന്നു. നാളെ രാവിലെ ഒമ്പതിനാരംഭിച്ച് 18നു രാവിലെ ഒമ്പതിനവസാനിക്കുന്ന സമരത്തിൽ കുട്ടനാട്ടിലെ യുഡിഎഫ് ജനപ്രതിനിധികളും പങ്കെടുക്കും. കുട്ടനാട് നേരിടുന്ന പതിനെട്ടോളം വിഷയങ്ങൾ ഉയർത്തിപ്പിടിച്ചാണ് സമരം. കഴിഞ്ഞ പത്തു വർഷത്തിലേറെയായി കുട്ടനാട് നേരിടുന്ന കുടിവെള്ള പ്രശ്നത്തിനു ശാശ്വത പരിഹാരം കാണെണമെന്നതാണ് ഏറ്റവും പ്രധാന വിഷയം.
പത്തുവർഷക്കാലമായി തകർന്നുകിടക്കുന്ന കുട്ടനാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കു പരിഹാരം കാണുക, രണ്ടാം കൃഷിക്ക് സംഭരിച്ച നെല്ലുവിലയുടെ കുടിശികത്തുകയായ 26 കോടി രൂപ അടിയന്തരമായി വിതരണം ചെയ്യുക, നെല്ലുവില 2500 രൂപയായി വർധിപ്പിക്കുക, കീട രോഗബാധയെത്തുടർന്ന് കൃഷിനശിച്ച കർഷകർക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുക അടിയന്തരമായി വിതരണം ചെയ്യുക, വർഷങ്ങളായി പണികൾ മുടങ്ങിക്കിടക്കുന്നതും ബജറ്റിൽ തുകയനുവദിച്ചിട്ടുള്ളതുമായ പാലങ്ങൾ അടിയന്തരമായി പൂർത്തീകരിക്കുവാൻ നടപടികൾ സ്വീകരിക്കുക, ഉപ്പുവെള്ളം കയറി കുട്ടനാട്ടിലെ നെൽകൃഷി നശിക്കുന്നത് തടയുന്നതിനായി ഓരുമുട്ടുകൾ യഥാസമയം സ്ഥാപിക്കുക, ഇത്തരത്തിൽ കൃഷിനശിച്ച കർഷകർക്ക് സഹായം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഇവർ ഉന്നയിക്കുന്നു.
ഇതോടൊപ്പം കുട്ടനാടൻ ജലാശയങ്ങളിലെ പോളനിർമാർജനത്തിന് ഫലപ്രദമായ മാർഗങ്ങൾ അവലംബിക്കുക, പകർച്ചവ്യാധികൾ പതിവാകുന്ന കുട്ടനാട്ടിലെ സർക്കാർ ആശുപത്രികളോടുള്ള എൽഡിഎഫ് സർക്കാരിന്റെ അവഗണന അവസാനിപ്പിക്കുക, ജലഗതാഗകത വകുപ്പിന്റെ ബോട്ടുകൾ, കഐസ്ആർടിസി എന്നിവ മുടങ്ങുന്നതു മൂലമുണ്ടാകുന്ന കുട്ടനാട്ടുകാരുടെ യാത്രാദുരിതത്തിന് പരിഹാരം കാണുക, യുഡിഎഫ് ബജറ്റിൽ തുകയനുവദിച്ച ചാവറ റോഡിന്റെ നിർമാണം പൂർത്തീകരിക്കുക, കുട്ടനാട് പാക്കേജിന്റെ കാലാവധി അഞ്ചുവർഷം കൂടി നീട്ടാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുക, നെല്ലുസംഭരണത്തിന്റെ ഹാന്റ്ലിംഗ് ചാർജ് വർധിപ്പിക്കുക, പച്ചത്തേങ്ങ സംഭരണം പുനരാരംഭിക്കുക, പുത്തനാറായിരം കായൽ, ആർ ബ്ലോക്ക് എന്നിവ കൃഷിയോഗ്യമാക്കുക, പുളിങ്കുന്ന് എൻജിനിയറിംഗ് കോളജിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുക.
എന്നീ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നതെന്ന് യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം ചെയർമാൻ തോമസുകുട്ടി മാത്യു, കൺവീനർ കെ. ഗോപകുമാർ, സമരസമിതി ചെയർമാൻ അലക്സ് മാത്യു, കൺവീനർ ജെ.ടി. റാംസെ, ജോസഫ് ചേക്കോടൻ, പ്രതാപൻ പറവേലി, സി.വി. രാജീവ് എന്നിവർ അറിയിച്ചു.