ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ നിന്നും താൻ ഒളിച്ചോടിയിട്ടില്ലായെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി. ചില സ്ഥലങ്ങളിൽ യാത്രാ സൗകര്യമില്ലാതിരുന്നതിനാൽ എത്തിച്ചേരാൻ കഴിയാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി രണ്ടുദിവസം വിട്ടുനിന്നതൊഴിച്ചാൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ താൻ സജീവമായി ഇടപെട്ടിട്ടുണ്ട്.
വെള്ളപ്പൊക്ക ദുരിതങ്ങൾ ആരംഭിച്ച 17നു തന്നെ കുട്ടനാട്ടിലെത്തി തഹസിൽദാരുമായി സ്ഥിതിഗതികൾ വിലയിരുത്തുകയും വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തിരുന്നു. തുടർന്ന് പാർലമെന്റിലെ അവിശ്വാസ പ്രമേയവുമായി ബന്ധപ്പെട്ട് രണ്ടുദിവസം മണ്ഡലത്തിൽ നിന്നും വിട്ടുനിന്നശേഷം പിന്നീട് ദുരിതാശ്വാസപ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നു.
നടപ്പു പാർലമെന്റ് സമ്മേളനത്തിൽ ഇനി പങ്കെടുത്തില്ലെങ്കിലും മണ്ഡലത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് തന്റെ തീരുമാനം. ജനപ്രതിനിധികൾ കുട്ടനാട്ടിലേക്ക് തിരിഞ്ഞുനോക്കുന്നില്ലെന്ന ചില മാധ്യമങ്ങളിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ സോഷ്യൽ മീഡിയയിൽ മാനസികമായി ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ തന്റെ പങ്കാളിത്തം കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കിയത്.