കോട്ടയം: കൊടൂരാറിലെ പൊക്കുപാലങ്ങള്‍ ബോട്ട് സര്‍വീസുകള്‍ക്കു തടസം സൃഷ്ടിക്കുന്നു. യഥാസമയം പാലം പൊക്കാന്‍ ആളില്ലാത്തതാണ് ബോട്ട് സര്‍വീസിനെ ബാധിക്കുന്നത്.
കൊടൂരാറില്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്ത്തിക്കുന്നതുള്പ്പെടെ അഞ്ച് പൊക്കുപാലങ്ങളാണുള്ളത്. ഇതില്‍ നാലും വലിച്ചുയര്ത്തേണ്ടവയാണ്.
ബോട്ട് എത്തുന്പോള്‍ പാലം ഉയര്‍ത്താന്‍ പലപ്പോഴും ആളുണ്ടാവില്ല. അഞ്ചും പത്തും മിനിറ്റുകള്‍ക്കു ശേഷമാണ് പാലം ഉയര്‍ത്താന്‍ ആളെത്തുക. പലപ്പോഴും കരാര്‍ എടുത്ത ആളായിരിക്കില്ല പാലം ഉയര്‍ത്താന്‍ എത്തുക.
കുട്ടികളാണ് ചില സമയങ്ങളില്‍ ജോലി ചെയ്യുക. പാലം ശരിയായി ഉയര്‍ത്താത്തതുമൂലം ബോട്ട് അപകടത്തില്‍പ്പെടാനും സാധ്യതയുണ്ട്. കഴിഞ്ഞയാഴ്ച കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള ബോട്ട്, പാലത്തില്‍ തട്ടി ജനല്‍പ്പാളി അടര്‍ന്ന സംഭവമുണ്ടായി.
പാറോച്ചാല്‍ മുപ്പതില്‍ പൊക്കുപാലത്തിലായിരുന്നു അപകടം. പാലം ശരിയായി ഉയര്‍ത്താതിരുന്നതാണ് അപകടകാരണം. സ്രാങ്ക് ഇരിക്കുന്ന കാബിന്റെ ജനല്‍പ്പാളിയാണ് അടര്‍ന്നു വെള്ളത്തില്‍ വീണത്.
മോട്ടോര്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന പാലം രണ്ടാഴ്ച മുന്‍പ് ബോട്ട് സര്‍വീസ് തടസപ്പെടുത്തിയത് ഒന്നരമണിക്കൂറായിരുന്നു. പതിനഞ്ചില്‍ക്കടവിലെ പൊക്കുപാലമാണ് വൈദ്യുതി ഇല്ലാത്തതുമൂലം പണിമുടക്കിയത്. ഇതോടെ കോട്ടയത്തുനിന്നും ആലപ്പുഴയില്നിന്നുമുള്ള ബോട്ടുകള്‍ മണിക്കൂറുകളോളം കാത്തുകിടന്നു.