കോട്ടയം: കോടിമതയിൽ സ്വകാര്യ ബസിടിച്ചു സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടു റിപ്പോർട്ട് നല്കി. ഡ്രൈവർ ചിങ്ങവനം സ്വദേശി ബിജി കുര്യന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ടാണു ചിങ്ങവനം എസ്ഐ അനൂപ് സി. നായർ അധികൃതർക്കു റിപ്പോർട്ട് നല്കിയിരിക്കുന്നത്. ഇയാൾക്കെതിരെ പോലീസ് കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാണു കേസെടുത്തിരിക്കുന്നത്.
അപകടത്തിനിടയാക്കിയ ബസ് ഡ്രൈവറെ മുന്പു രണ്ടു തവണ മദ്യപിച്ചു ബസോടിച്ചതിനു ഇയാളുടെ പേരിൽ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി ചിങ്ങവനം പോലീസ് പറഞ്ഞു. മദ്യപിച്ചു ബസോടിക്കുന്ന കേസിൽ പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് നിശ്ചിത കാലത്തേക്കു സസ്പെൻഡ് ചെയ്യുകയാണ് പതിവ്.
എന്നാൽ ബിജി കോടതിയിൽ പിഴ അടച്ചു രക്ഷപ്പെടുകയാണ് ചെയ്തത്. നാഗന്പടം ബസ് സ്റ്റാൻഡിൽ വച്ചു ട്രാഫിക് പോലീസും ഈസ്റ്റ് പോലീസുമാണു ഇയാളെ മദ്യപിച്ചു വാഹനമോടിച്ചതിനു പിടികൂടിയത്.