കോട്ടയം: അപകടക്കെണിയായി കോടിമത നാലുവരിപ്പാത. കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ ചെറുതും വലുതുമായ 30ൽപ്പരം അപകടങ്ങളാണു കോടിമത നാലുവരിപ്പാതയിൽ മാത്രമുണ്ടായത്. നാലുവരിപ്പാതയിൽ എത്തുന്പോൾ വാഹനങ്ങൾക്കുണ്ടാകുന്ന അമിതവേഗതയാണു അപകടങ്ങൾക്കു കാരണമെന്നു നാട്ടുകാർ പറയുന്നു. രണ്ടു മാസത്തിനിടയിലുണ്ടായ അപകടങ്ങളിൽ ഏഴു പേർ മരണപ്പെട്ടു. നിരവധി പേർക്കാണു അപകടങ്ങളിൽ പരിക്കേറ്റിരിക്കുന്നത്.
ഏറ്റവും ഒടുവിലായി ഇന്നലെ സ്കൂട്ടറിൽ ബസിടിച്ചുണ്ടായ അപകടത്തിൽ ബികോം വിദ്യാർഥിയായ താഴത്തങ്ങാടി സ്വദേശി പാറയ്ക്കൽ ഷെബിൻ ഷാജി (20) ആണ് മരിച്ചത്. എംസി റോഡിൽ കോടിമത നാലുവരിപ്പാതയ്ക്കു പുറമെ ചിങ്ങവനം ഭാഗത്തും അപകടങ്ങൾ തുടർക്കഥയാണ്.
ഇവിടെ കൂടുതലും അപകടത്തിൽപ്പെടുന്നത് കാൽനടയാത്രക്കാരാണ്. സ്വകാര്യ ബസുകളും കഐസ്ആർടിസി ബസുകളും കോടിമതയിൽ എത്തുന്പോൾ അമിത വേഗതയിലാണു സഞ്ചരിക്കുന്നതെന്നു നാട്ടുകാർ പരാതിപ്പെടുന്നു. ടാർ ചെയ്തു മിനുസപ്പെടുത്തിയിരിക്കുന്ന റോഡിൽ വാഹനങ്ങൾ നിലംതൊടാതെ പറപ്പിക്കുന്നതാണു അപകടങ്ങൾ വിളിച്ചു വരുത്തുന്നത്.
ഇന്നലെ സ്കൂട്ടറിൽ ബസിടിച്ചു അപകടമുണ്ടായ സ്ഥലത്ത് ഇത്തരത്തിൽ മുന്പും സമാനമായ രീതിയിൽ അപകടങ്ങളുണ്ടായിട്ടുണ്ട്. വാഹനങ്ങൾ പെട്രോൾ പന്പിൽ നിന്നും ഇറങ്ങിവരുന്നതു ശ്രദ്ധിക്കാതെ നാലുവരിപ്പാതയിലുടെ വാഹനങ്ങൾ അമിതവേഗയിൽ സഞ്ചരിക്കുന്നതാണു അപകടങ്ങളുണ്ടാകുന്നതിനുള്ള കാരണമെന്നു ട്രാഫിക് പോലീസ് പറഞ്ഞു. മിക്കപ്പോഴും പന്പിൽനിന്നും വാഹനങ്ങൾ ഇറങ്ങി നേരെ മറുവശത്തെ കടക്കുന്പോഴാണ് തെക്കുവശത്തുനിന്നു വരുന്ന വാഹനങ്ങൾ ഇടിക്കുന്നത്.
തുടർച്ചയായി അപകടങ്ങളുണ്ടാകുന്നതിനാൽ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഡിവൈഡർ മാറ്റി 100 മീറ്റർ കൂടി തെക്കു വശത്തേക്ക് ക്രമീകരിക്കുകയും പന്പിലേക്കുള്ള പ്രവേശനം റോഡിന്റെ ഇടതുവശത്തുകൂടി തന്നെ ആക്കുകയും ചെയ്താൽ അപകടങ്ങൾ ഒഴിവാക്കാമെന്നു കോടിമതയിലുള്ള നാട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ അധികൃതർ ഇക്കാര്യങ്ങൾ ചെവികൊണ്ടിരുന്നില്ല. അപകടങ്ങൾ തുടർക്കഥയായ സാഹചര്യത്തിൽ അധികാരികൾ ഇടപെട്ടു വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.