കോട്ടയം: കോട്ടയം-ആലപ്പുഴ ബോട്ട് കാഞ്ഞിരം വഴി സർവീസ് നടത്താൻ ഇനിയും കാത്തിരിക്കണം. കൊടൂരാറ്റിലെ ജലനിരപ്പ് താഴ്ന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഇത് പരിഹരിക്കുന്നതിന് ആറിന്റെ ആഴും കൂട്ടുന്ന പദ്ധതി നാളെ ആരംഭിക്കും. പാറേച്ചാൽ ജെട്ടിയിൽ ഡ്രഡ്ജർ ജങ്കാറിൽ ഘടിപ്പിക്കുന്ന ജോലിയാണ് നടന്നു വരുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയാണ് ആഴം കൂട്ടലിന് അനുവദിച്ചിരിക്കുന്നത്.
മേജർ ഇറിഗേഷൻ വകുപ്പാണ് പണിക്ക് മേൽനോട്ടം വഹിക്കുന്നത്. പദ്ധതി നേരത്തേ നടത്താൻ തീരുമാനിച്ചിരുന്നതാണ്. അപ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അതിനാൽ പണി തുടങ്ങാൻ സാധിച്ചില്ല. നാളെ ആരംഭിക്കുന്ന ആഴംകൂട്ടൽ ജോലി പൂർത്തിയാകാൻ മൂന്നാഴ്ച വേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ആഴം കൂട്ടൽ പദ്ധതിയുടെ ഉദ്ഘാടനം നടത്താനിടയില്ല.
കോടിമത മുതൽ കാഞ്ഞിരം വരെയുള്ള നഗരസഭ 45-ാം വാർഡ് ഉൾപ്പെടുന്ന പ്രദേശത്തെ മൂന്നര കിലോമീറ്റർ ദൂരത്തിൽ കൊടൂരാറ്റിൽ ആഴം കൂട്ടാനാണ് പദ്ധതി. എത്ര ആഴത്തിൽ മണ്ണെടുക്കണമെന്ന് ഇറിഗേഷൻ ഉദ്യോഗസ്ഥർ നിർദേശം നല്കിയിട്ടുണ്ട്. ഡ്രഡ്ജ് ചെയ്ത് എടുക്കുന്ന മണ്ണ് നിർദിഷ്ട കോടിമത-മലരിക്കൽ റോഡിനു വേണ്ടി ഉപയോഗിക്കും. കൊടൂരാറിന് പാരലലായി ആറിന്റെ തെക്ക് തീരത്തുകൂടി കടന്നു പോകുന്നതാണ് കോടിമത-മലരിക്കൽ റോഡ്.
കൊടൂരാറിന്റെ ആഴം വർധിപ്പിച്ചാൽ ആലപ്പുഴയ്ക്കുള്ള ബോട്ട് കാഞ്ഞിരം വഴി സർവീസ് നടത്തും. ഇപ്പോൾ പള്ളം വഴിയാണ് ബോട്ട് സർവീസ് നടത്തുന്നത്. ചുങ്കത്ത് മുപ്പത് പാലം ഉയർത്തുന്നത് തകരാറിലായതോടെയാണ് കാഞ്ഞിരം വഴിയുള്ള ബോട്ട് സർവീസ് തടസപ്പെട്ടത്.
പാലത്തിന്റെ അറ്റകുറ്റപ്പണികൾ ജനുവരി അവസാനം പൂർത്തിയാക്കി. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ബോട്ട് സർവീസ് ആരംഭിക്കേണ്ടതായിരുന്നു. അപ്പോഴാണ് ജലനിരപ്പ് താഴ്ന്നത് ബോട്ട് സർവീസിനെ ബാധിക്കുമെന്ന് കണ്ടത്. ജലനിരപ്പ് താഴ്ന്നതോടെ പല സ്ഥലത്തും ബോട്ട് നിലത്തു തട്ടുന്ന അവസ്ഥയിലായിരുന്നു. ഇത് ബോട്ട് തകരാറിലാകാൻ ഇടയാക്കും.