കോട്ടയം: കോട്ടയത്തുനിന്ന് കാഞ്ഞിരം വഴി ആലപ്പുഴയ്ക്ക് ബോട്ട് ഓടിയിട്ട് ഒന്നര വർഷം കഴിഞ്ഞു. ബോട്ട് വരുന്പോൾ ഉയർത്തുന്ന ചുങ്കത്ത് മുപ്പത് പാലം തകരാറിലായതാണ് ആദ്യം ബോട്ട് സർവീസ് മുടങ്ങാൻ കാരണം. ചുങ്കത്ത് മുപ്പത് പാലം നന്നാക്കിയപ്പോൾ മറ്റൊരു പാലം കേടായി. അതും നന്നാക്കിയപ്പോൾ അതാ വേറൊരു പാലം തകരാറിൽ. ഇങ്ങനെ പാലങ്ങൾ ഓരോ ദിവസവും തകരാറിലായതോടെ ബോട്ട് സർവീസ് സ്ഥിരമായി മുടങ്ങി.
ഇതോടെ കോട്ടയത്തിന്റെ ടൂറിസത്തിന് മങ്ങലേറ്റു. കേരളത്തിലെ മണ്സൂണ് ആസ്വദിക്കാൻ നൂറുകണക്കിന് ടൂറിസ്റ്റുകൾ എത്തിയിരുന്നു മുൻവർഷങ്ങളിൽ. ബോട്ട് സർവീസ് മുടങ്ങിയതോടെ കോട്ടയത്തേക്ക് ടൂറിസ്റ്റുകളും വരുന്നില്ല.
കോടിമത മുതൽ കാഞ്ഞിരം വരെ കൊടൂരാറിന് കുറുകെയുള്ള പാലം നന്നാക്കുന്ന ചുമതല കോട്ടയം നഗരസഭയ്ക്കാണ്. നഗരസഭാ അധികൃതരോട് ചോദിച്ചാൽ രണ്ടു ദിവസത്തിനകം പണി പൂർത്തിയാക്കുമെന്നാകും മറുപടി.
ഇത് പറയാൻ തുടങ്ങിയിട്ട് ഒന്നര വർഷമായി. തേക്കടിയും മൂന്നാറും കണ്ടുമടങ്ങുന്ന ടൂറിസ്റ്റുകൾ കോട്ടയം വഴി ബോട്ടിൽ ആലപ്പുഴയ്ക്ക് പോവുകയാണ് പതിവ്. ആലപ്പുഴയിൽ വള്ളംകളി കണ്ടാണ് ടൂറിസ്റ്റുകൾ സ്വദേശത്തേക്ക് മടങ്ങുക. ഇക്കുറി കോട്ടയത്തെത്തിയ ടൂറിസ്റ്റുകൾ ബോട്ട് സർവീസ് ഇല്ലെന്നറിഞ്ഞ് മടങ്ങി.
വെള്ളപ്പൊക്ക കാലത്ത് പടിഞ്ഞാറൻ പ്രദേശത്തേക്ക് വാഹനങ്ങൾ ഒന്നും എത്തുകയില്ല. ബോട്ടാണ് നാട്ടുകാരുടെ ഏക ആശ്രയം. ഇക്കുറി വെള്ളപ്പൊക്കത്തിന് ജനം വലഞ്ഞു. പാലം നന്നാക്കി കാലം കഴിയുകയല്ലാതെ ബോട്ട് ഓടുന്ന ലക്ഷണമൊന്നും കാണുന്നില്ല. കോടിമതയിലെ സ്വകാര്യ ബോട്ടുകളും ഒന്നര വർഷമായി അനക്കമില്ലാതെ കിടക്കുന്നു. കായൽ കാഴ്ചകൾ ഏറെ ആകർഷിക്കുന്നത് കാഞ്ഞിരം വഴിയുള്ള യാത്രയിലാണ്.
പാലം പണി പൂർത്തിയാക്കി ബോട്ട് സർവീസ് ആരംഭിക്കാൻ കോടതി വരെ ഇടപെട്ടിട്ടും രക്ഷയില്ല. ചുങ്കത്ത് മുപ്പത് പാലം കേടായി കിടന്നപ്പോൾ നഗരസഭാ അധികൃതർ പറഞ്ഞത് 2019 ജനുവരി ഒന്നിന് ബോട്ട് ഓടിക്കുമെന്നായിരുന്നു. അതായത് പുതുവർഷത്തിൽ ആലപ്പുഴയ്ക്കു കാഞ്ഞിരം വഴി ബോട്ട് ഓടുമെന്ന്. ജനുവരി കഴിഞ്ഞിട്ട് ഇപ്പോൾ ഏഴു മാസമായി. നാട്ടുകാർ ചോദിക്കുന്നു ഇനിയും എന്തെങ്കിലും ഉറപ്പു നല്കാനുണ്ടോ നഗരസഭാ അധികൃതരേ…