കോട്ടയം: നാലുവരിപ്പാതയുടെ സൗന്ദര്യവത്കരണത്തിന് എത്തിയവർ ബോര്‍ഡ് വച്ചു മടങ്ങി. റോഡിലെ മീഡിയന് കാടായി യാത്രക്കാരുടെ കാഴ്ച മറയ്ക്കുന്നു.
കോടിമത നാലുവരിപ്പാതയിലാണ് മീഡിയനിലെ സൗന്ദര്യവത്കരണം കാടായി മാറിയത്. നാലുവരിപ്പാതയിലെ മീഡിയനും ഡിവൈഡറും കാടുപിടിച്ച നിലയിലാണുള്ളത്.
റോഡിന്റെ മധ്യഭാഗത്തായി നിര്‍മിച്ചിരിക്കുന്ന ഡിവൈഡറില്‍ ഒരാള്‍ പൊക്കത്തിലാണ് പുല്ല് വളർന്നത്.അലങ്കാരത്തിനായി വച്ചുപിടിപ്പിച്ച ചെടികള്‍ നശിച്ചു. പകരം പുല്ലാണ് തഴച്ചുവളരുന്നത്.
ഡിവൈഡറില്‍ ഉടനീളം ഇത്തരത്തില്‍ കാടു പടര്‍ന്നുനില്‍ക്കുകയാണ്. അര കിലോമീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമുള്ള മീഡിയനില്‍ പൂന്തോട്ടം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സന്നദ്ധസംഘടന വിവിധ തരത്തിലുള്ള ചെടികള്‍ നട്ടുപ്പിടിപ്പിച്ചത്.
റോട്ടറി മീഡിയന് എന്ന പേരിലായിരുന്നു പദ്ധതി. നടത്തിപ്പുകാര്‍ പരിസ്ഥിതി ദിനത്തില്‍ ബോര്‍ഡ് വച്ചുമടങ്ങിയതല്ലാതെ ചെടികളുടെ തുടര്‍പരിപാലനം നടത്തിയില്ല. നാല് ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണം.
ഒരു ലൈനില്‍നിന്ന് മറുവശത്തേയ്ക്കുകയറാന് ഡിവൈഡറിന്റെ മധ്യഭാഗത്തായി രണ്ട് ഇടനാഴികള്‍ നിര്‍മിച്ചിട്ടുണ്ട്. ഇടനാഴിവഴി വാഹനങ്ങള്‍ കടക്കുമ്പോള്‍ എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്ത തരത്തിലാണ് കാടു വളര്‍ന്നത്.
ഇത് അപകടത്തിന് ഇടയാക്കുന്നു. ഇവിടെ സൂചനാ ബോര്‍ഡുകളും മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. എന്നാല്‍ അതുമുണ്ടായില്ല.