കോട്ടയം: കോടിമത നാലുവരി പാതയിലെ മീഡിയൻ കാടുപിടിച്ചു കാഴ്ച മറച്ചതോടെ റോഡിൽ അപകടക്കെണി.മോഡൽ റോഡായി പൊതുമരാമത്ത് വകുപ്പ് തെരഞ്ഞെടുത്ത കോടിമത നാലുവരി പാതയിലെ മീഡിയനിലാണ് പുല്ലുവളർന്ന് കാടുപിടിച്ച നിലയിലായത്.
റോഡ് നിർമാണം പൂർത്തിയായി മീഡിയൻ നിർമിച്ചപ്പോൾ വനം വകുപ്പ് പൊതുമരാമത്ത് വകുപ്പുമായി സഹകരിച്ച് മീഡിയണിൽ അരളി ചെടികൾ നട്ടിരുന്നു. വലിയ തുക മുടക്കി കിലോമീറ്ററോള മാണ് അരളി ചെടികൾ നട്ടത്. കുറച്ചു ഭാഗത്ത് പരിസ്ഥിതി പ്രവർത്തകർ പുളിമരത്തിന്റെ തൈയും നട്ടു.
ആദ്യകാലത്ത് അരളി ചെടികൾ പരിപാലിക്കുന്ന ജോലികൾ വനം വകുപ്പ് കൃത്യമായി നടത്തിയിരുന്നു. എന്നാൽ പിന്നീട് ഇത് അധികൃതർ ഉപേക്ഷിച്ചതോടെ ചെടികൾ നശിക്കാൻ തുടങ്ങി. ശരിയായ പരിപാലനം കിട്ടാതെ വന്നതോടെ ചെടികൾ നശിച്ചു തുടങ്ങി.
ഇതിനിടിയൽ വാഹനങ്ങളിലെത്തുന്നവർ മീഡിയനോടു ചേർത്ത് വാഹനം നിർത്തി ചെടികൾ പറിച്ചുകൊണ്ടുപോകാനും തുടങ്ങി.പുല്ലു വളർന്ന് കാടുപിടിച്ച നിലയിലായ മീഡിയൻ ഡ്രൈവർമാരുടെ കാഴ്ച മറയ്ക്കുകയാണ്. വാഹനങ്ങൾ എതിർ ദിശയിലേക്ക് തിരിയുന്നതിനായുള്ള കട്ടിംഗുകളിൽ വാഹനങ്ങൾ തിരിയുന്നിടത്താണ് അപകടം.