ചാത്തന്നൂർ: പാരിപ്പള്ളി കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ ദശദിന ഉത്സവത്തിന് കൊടിയേറി. ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള നിർധന യുവതികളുടെ വിവാഹം നാളെ ക്ഷേത്രസന്നിധിയിൽ നടത്തും.
കൊടി ഊരുചുറ്റ് ലോഷയാത്ര നടത്തിയാണ് ക്ഷേത്രസന്നിധിയിൽ എത്തിച്ചത്. ക്ഷേത്രം തന്ത്രി പുതുമന ഇല്ലത്ത് ദാമോദരൻ നമ്പൂതിരി ,മേൽശാന്തി പാഴൂർ മഠം കേശവൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടത്തി ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി കെ.ഗോപിനാഥൻ കൊടിയേറ്റ് ചടങ്ങ് നിർവഹിച്ചു.
ട്രസ്റ്റ് ഭാരവാഹികളായ എസ്.പ്രശോഭൻ ,ബി.രവീന്ദ്രൻ, വി.വിനോദ് എന്നിവർ കൊടിയേറ്റ് ചടങ്ങുകൾക്ക് നേതൃത്വം നല്കി.’ കൊടിയേറ്റിന് ശേഷം പടുക്ക സമർപ്പണവും നടത്തി.
കോട്ടക്കോരം പുത്തൻകാവ് രക്തേശ്വരി ക്ഷേത്രസന്നിധിയിൽ നിന്നും കാവടിക്കോണം അപ്പുപ്പൻകാവ് ക്ഷേത്രസന്നിധിയിൽ നിന്നും ഭക്തജനങ്ങൾ ഘോഷയാത്രയായി എത്തിയാണ് ദേവി സന്നിധിയിൽ പടുക്ക സമർപ്പണം നടത്തിയത്. രാത്രി സന്താനഗോപാലം കഥകളിയും ഉണ്ടായിരുന്നു.
നാളെ രാവിലെ പത്തിനാണ് ക്ഷേത്രസന്നിധിയിൽ നിർധന യുവതികളുടെ സമൂഹ വിവാഹം. എല്ലാ ആചാര ചടങ്ങുകളോടുകൂടിയാണ് വിവാഹകർമ്മങ്ങൾ .വിവാഹിതരാകുന്ന ദമ്പതിമാർക്ക് സമ്മാനങ്ങളും നല്കും.
തുടർന്ന് ചേരുന്ന സമ്മേളനം എൻ.കെ.പ്രേമചന്ദ്രൻ എം.പി.ഉദ്ഘാടനം ചെയ്യും.ജി.എസ്.ജയലാൽ എം.എൽ.എ.അധ്യക്ഷനായിരിക്കും. പ്രമുഖ വ്യക്തികൾ പ്രസംഗിക്കും.