നവാസ് മേത്തർ
തലശേരി: എന്താ, വിശേഷം, സുഖമല്ലേ… പുഞ്ചിരിച്ചുകൊണ്ട് കുശലം ചോദിക്കാൻ പ്രിയപ്പെട്ട കോടിയേരി ഇനിയില്ല.
കോടിയേരിയുടെ നിറഞ്ഞ പുഞ്ചിരിയും സ്നേഹപൂർവമുള്ള പെരുമാറ്റവും അദ്ദേഹത്തെ ജനഹൃദയങ്ങളിലേക്ക് ആഴത്തിലെത്തിക്കുകതന്നെ ചെയ്തു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചുമായിരുന്നു കോടിയേരിയുടെ പ്രസംഗങ്ങൾ. ആരേയും ആകർഷിക്കുന്ന വ്യക്തിത്വത്തിനുടമായ കോടിയേരി തലശേരി അതിരൂപതയുമായി ആഴത്തിലുള്ള ബന്ധമാണ് കാത്തുസൂക്ഷിച്ചിരുന്നത്.
ചെന്നൈയിൽ ചികിത്സയ്ക്ക് പോകുന്നതിനുമുമ്പ് ബിഷപ്സ് ഹൗസിലെത്തി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കോടിയേരി സന്ദർശിച്ചിരുന്നു.
അസുഖബാധിതനായശേഷം തലശേരിയിലെത്തിയ പല ഘട്ടങ്ങളിലും മാർ ജോസഫ് പാംപ്ലാനി അദ്ദേഹത്തെ കോടിയേരിയിലെ വീട്ടിലെത്തി കാണുകയും സൗഹൃദം പങ്കുവയ്ക്കുകയും ആരോഗ്യം വീണ്ടെടുക്കാൻ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തിരുന്നു.
രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം, ആർച്ച്ബിഷപ് എമെരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവരുമായും ഏറെ അടുപ്പമാണ് അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത്.
തലശേരിയിൽ ഏതു പരിപാടിക്ക് എത്തിയാലും പരിപാടി നടക്കുന്ന സ്ഥലത്ത് വന്നിറങ്ങുന്ന കോടിയേരി ചുറ്റും കൂടുന്നവരോട് സൗഹൃദം പങ്കുവയ്ക്കാതെ മുന്നോട്ടുപോകില്ല.
പുന്നോലിൽ ഹരിദാസ് കുടുംബസഹായ ഫണ്ട് വിതരണം ചെയ്ത പരിപാടിയിലാണ് ഒടുവിൽ അദ്ദേഹം പങ്കെടുത്തത്.
അന്നും പതിവുപോലെ എല്ലാവരോടും സൗഹൃദം പങ്കുവച്ചും മറ്റുള്ളവരുടെ വേവലാതികൾ ശ്രദ്ധാപൂർവം കേട്ടുമാണ് കോടിയേരി വേദിയിലേക്ക് നടന്നുനീങ്ങിയത്. സ്റ്റേജിൽനിന്നും ഇറങ്ങിയപ്പോൾ കാലിന്റെ വേദന അസ്വസ്ഥത സൃഷ്ടിച്ചു.
സഹായി റിജുവും ഗൺമാൻ ശശിയും ഓടിയെത്തി. സ്റ്റെപ്പുകൾ ഇറങ്ങിയ കോടിയേരി തന്നെ കാത്തുനിന്നവരെ കേട്ടശേഷം മാത്രമാണ് അവിടെനിന്നും പോയത്.
എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാൻ കുടുംബാംഗങളുമായി വീടിനടുത്ത സ്കൂളിലെ പോളിംഗ് ബൂത്തിലെത്തുമ്പോൾ നീണ്ട ക്യൂ ഉണ്ടാകും.
എന്നാൽ ക്യൂവിന്റെ പിന്നിൽനിന്ന് സമയമെടുത്തുതന്നെയാണ് കോടിയേരിയും കുടുംബാംഗങ്ങളും വോട്ട് ചെയ്യാറ്. രാഷ്ട്രീയത്തിനതീതമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിൽ കോടിയേരി മാതൃകയായിരുന്നു.
കോടിയേരി ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് തലശേരിക്ക് ചുറ്റും മൂന്ന് ആഭ്യന്തര മന്ത്രിമാരാണ് ഉണ്ടായിരുന്നത്.
പുതുച്ചേരിയിൽ ഇ. വൽസരാജ്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരായിരുന്നു മറ്റു രണ്ട് ആഭ്യന്തര മന്ത്രിമാർ.
തലശേരിയിലും പരിസരത്തുമുള്ള പല ചടങ്ങുകളിലും ഇവർ മൂന്നുപേരും ഒത്തുചേർന്നു സൗഹൃദം പങ്കുവയ്ക്കുന്നത് കാണാമായിരുന്നു.
കോടിയേരിയിലെ തന്റെ വീട്ടിലെത്തുന്നവരെ എല്ലാവരേയും കാണാനും അവരെ കേൾക്കാനും കോടിയേരി എന്നും പ്രത്യേകം താത്പര്യം കാണിച്ചിരുന്നു.
മാധ്യമപ്രവർത്തകരോട് സ്നേഹപൂർവം പെരുമാറുകയും എന്നാൽ ചോദ്യങ്ങൾക്ക് ഉരുളക്ക് ഉപ്പേരി പോലെ കൃത്യമായ മറുപടി നൽകുകയും ചെയ്യുക കോടിയേരിയുടെ പ്രത്യേകതയായിരുന്നു.
കോടിയേരി ആഭ്യന്തര- ടൂറിസം മന്ത്രിയായ കാലഘട്ടത്തിൽ തുടക്കമിട്ട പൈതൃക പദ്ധതികളാണ് ഇന്ന് തലശേരിയുടെ വികസനത്തിൽ നാഴികക്കല്ലായി മാറിയിട്ടുള്ളത്. ഏറെ ഹൃദയവേദനയോടെയാണ് നഗരം ഈ ജനപ്രിയ നേതാവിന് വിടചൊല്ലുന്നത്.