കോഴിക്കോട്: നിക്ഷേപകര്‍ക്ക് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കോടിഷ് നിധി ലിമിറ്റഡിന്റെ രണ്ട് ഡയറക്ടര്‍മാര്‍ കൂടി പ്രതികളാകും. കഴിഞ്ഞ ദിവസമാണ് കമ്പനീസ് ഓഫ് രജിട്രേഷന് വിഭാഗത്തില്‍നിന്ന് ഡയറക്ടര്‍മാരുടെ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് പോലീസിന് ലഭിക്കുന്നത്.
ഡയറക്ടര്‍മാരുടെ അറസ്റ്റ് അടുത്ത ദിവസം നടക്കുമെന്ന് നല്ലളം പോലീസ് അറിയിച്ചു.അതേസമയം കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂര്‍ രാമന്‍കുത്ത് മുതുവാട് ചേലക്കല്‍ പറമ്പില്‍ അബ്ദുള്ളക്കുട്ടിയെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ പാസ്പോര്‍ട്ട് കാലാവധി അഞ്ചു വര്‍ഷം മുമ്പ് കഴിഞ്ഞതിനാല്‍ ഇതിനുള്ള സാധ്യതയില്ലെന്നാണ് പോലീസ് പറയുന്നത്.
നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നല്ലളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസന്വേഷിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനമെന്നു പ്രചരിപ്പിച്ചാണു കോടിഷ് നിധി നിക്ഷേപം സ്വീകരിച്ചത്. വര്‍ഷം 12 ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ നവംബര്‍ മുതല്‍ നിക്ഷേപകര്‍ക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. കോഴിക്കോട് നല്ലളം, നടക്കാവ്, ഫറോക്ക് പോലീസ് സ്റ്റേഷനുകളിലായി 50 ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വയനാട്ടിലും സ്ഥാപനം പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയും തട്ടിപ്പുകള്‍ നടത്തിയതായാണ് വിവരം.