കോഴിക്കോട്: നിക്ഷേപകര്ക്ക് ഉയര്ന്ന ലാഭം വാഗ്ദാനം ചെയ്തു ലക്ഷങ്ങള് തട്ടിയെടുത്ത ധനകാര്യ സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങള് തേടി പോലീസ് കമ്പനീസ് ഓഫ് രജിട്രേഷന് വിഭാഗത്തെ സമീപിക്കുന്നു.
സ്വകാര്യ ധനകാര്യ സ്ഥാപനമായ കോടിഷ് നിധി രജിസ്റ്റര് ചെയ്തതുമായി ബന്ധപ്പെട്ടാണ് പോലീസ് രജിസ്ട്രേഷന് വിഭാഗത്തില് നിന്ന് വിവരങ്ങള് ശേഖരിക്കുന്നത്.
ഇതിന്റെ ഭാഗമായി കൊച്ചിയിലെ രജിസ്ട്രേഷന്വിഭാഗത്തിന് നല്ലളം പോലീസ് കത്തയച്ചിട്ടുണ്ട്. അതേസമയം കോടിഷ് നിധി ലിമിറ്റഡ് ഉടമ നിലമ്പൂര് രാമന്കുത്ത് മുതുവാട് ചേലക്കല് പറമ്പില് അബ്ദുള്ളക്കുട്ടി വര്ഷങ്ങള്ക്ക് മുമ്പും തട്ടിപ്പ് നടത്തിയതിന് കേസുകള് നിലവിലുണ്ട്.
നിലമ്പൂരിലായിരുന്നു ഇത്തരത്തിലുള്ള പണിമിടപാടുകളിലൂടെ തട്ടിപ്പ് നടത്തിയത്. എന്നിട്ടും രജിസ്ട്രേഷന് വിഭാഗം പുതിയ അപേക്ഷയില് സ്ഥാപനംതുടങ്ങാനുള്ള അനുമതി നല്കിയത് ദുരൂഹമാണ്. ഇതിന്റെ നിയമവശങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
പരാതി കൂടുന്നു
ദിവസവും കോടിഷ് നിധിയില് പണം നിക്ഷേപിച്ചവര് പരാതിയുമായി എത്തുന്നുണ്ടെന്ന് നല്ലളം സിഐ എം.കെ. സുരേഷ്കുമാര് അറിയിച്ചു.
ഇതുവരെ നല്ലളത്ത് മാത്രം 15 പരാതികളിള് കേസെടുത്തിട്ടുണ്ട്. ഫറോക്കും നടക്കാവ് പോലീസിലും പരാതികള് ലഭിച്ചിട്ടുണ്ട്. ഇതുള്പ്പെടെ 50 ഓളം കേസുകളാണ് കോഴിക്കോട് ജില്ലയില് മാത്രം രജിസ്റ്റര് ചെയ്തത്. വയനാട്ടിലും സ്ഥാപനം പ്രവര്ത്തിക്കുന്നുണ്ട്.
ഇവിടെയും തട്ടിപ്പുകള് നടത്തിയതായാണ് വിവരം. മറ്റു ജില്ലകളിലും സ്ഥാപനം ആരംഭിച്ചിട്ടുണ്ടോയെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
പാസ്പോർട്ടിൽ…
കേസിലെ പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്കൗട്ട് സര്ക്കുലര് പുറത്തിറക്കിയിരുന്നു. എന്നാല് പാസ്പോര്ട്ട് കാലാവധി അഞ്ചു വര്ഷം മുമ്പ് കഴിഞ്ഞതിനാല് ഇതിനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞു.
നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊര്ജിതമാക്കിയിട്ടുണ്ട്. നിലമ്പൂര് പോലീസിന്റെ സഹകരണത്തോടെയാണ് നല്ലളം സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കേസന്വേഷിക്കുന്നത്.
സ്ഥാപനത്തിന്റെ ചെറുവണ്ണൂര്, മണ്ണൂര് വളവ്, ഈസ്റ്റ് ഹില് ശാഖകള് പോലീസ് പൂട്ടി സീല് ചെയ്തു. ഉടമ മുങ്ങിയെന്ന വിവരം അറിഞ്ഞതോടെ് കൂടുതല് പേര് പരാതിയുമായി രംഗത്തെത്തി.
കേന്ദ്ര സര്ക്കാര് അംഗീകൃത ധനകാര്യ സ്ഥാപനമെന്നു പ്രചരിപ്പിച്ചാണു കോടിഷ് നിധി നിക്ഷേപം സ്വീകരിച്ചത്. വര്ഷം 12 ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തത്.
കഴിഞ്ഞ നവംബര് മുതല് നിക്ഷേപകര്ക്ക് പണമോ പലിശയോ ലഭിച്ചിരുന്നില്ല. തുടര്ന്ന് നിക്ഷേപകര് പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.