അറിവും വിജ്ഞാനവും എന്നതിനുപരി മാനുഷികതയുടെ സ്പർശം കൂടി ഏറ്റുവാങ്ങുന്ന ക്വിസ് റിയാലിറ്റി ഷോയാണ് മഴവിൽ മനോരമയിൽ സംപ്രേഷണം തുടരുന്ന നിങ്ങൾക്കുമാകാം കോടീശ്വരൻ.
നടനും എംപിയുമായ സുരേഷ് ഗോപി അവതാരകനായി എത്തുന്ന ഷോ ഇതുവരെ 60 എപ്പിസോഡുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. എന്നാൽ ഈ സീസണിലും കോടീശ്വരൻ ആകാൻ ഒരു മത്സരാർഥിക്കും കഴിഞ്ഞിട്ടില്ല.
പരമാവധി 25 ലക്ഷം രൂപവരെയാണ് ഈ സീസണിലും നേടാൻ കഴിഞ്ഞിട്ടുള്ളത്. 2013-ലെ രണ്ടാം സീസണിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരി സനുജാ രാജൻ കോടിപതിയായതിനു ശേഷം ഈ ഷോയിലൂടെ മറ്റാർക്കും ആ നേട്ടം കൈവരിക്കാൻ സാധിച്ചില്ല.
ഈ സീസണും ഇങ്ങനെതന്നെ കടന്നു പോകുമെന്നാണ് അറിയുന്നത്. കോടികൾ സമ്മാനം നൽകി ഈ ഷോ കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നത് അറിവിന്റെ അംശവും ലഭിക്കുന്നതിലൂടെയാണ്.
സാമൂഹിക പ്രതിബന്ധതയുടെ വഴികളിലേക്ക് ഈ വിനോദമത്സര ഷോയെ മാറ്റിയെടുക്കാൻ സാധിച്ചതിൽ മഴവിൽ മനോരമയ്ക്കും ക്രെഡിറ്റ് നേടുന്നു.
അവതാരകനായ സുരേഷ് ഗോപിക്കും മിനിസ്ക്രീനിലും വെള്ളിത്തിരയിലും പുതിയൊരു തിരിച്ചുവരവിന്റെ കാലം കൂടിയാണ്. അദ്ദേഹത്തിന്റെ സവിശേഷമായ അവതരണശൈലി തന്നെയാണ് ഈ ഷോയുടെ ഹൈലൈറ്റ്.
ഏഷ്യാനെറ്റിന്റെ ഏഗ്രിമെന്റ് കഴിഞ്ഞ് സീസണ് അഞ്ചുമായി വന്നപ്പോൾ ചാനൽ തന്നെ മാറിയപ്പോഴും അവതാരകനു മാറ്റം സംഭവിക്കാതിരുന്നതിനു കാരണം സുരേഷ് ഗോപിയുടെ മികവാണ്.
ഈ സീസണിൽ ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾ ഷോയ്ക്കു നേരിടേണ്ടി വന്നു. അതിൽ പ്രധാനം സംപ്രേഷണ സമയം തന്നെയായിരുന്നു.
മോഹൻലാലിന്റെ ബിഗ് ബോസ് പ്രൈം ടൈമിൽ നേർക്കുനേർ സംപ്രേക്ഷണത്തിനെത്തിയപ്പോൾ രണ്ടു സൂപ്പർ താരങ്ങൾ ഒരേ സമയത്തു മിനിസ്ക്രീനിൽ എത്തുന്നതും ആദ്യ കാഴ്ചയായി. പിന്നെ ഐഎസ്എൽ ഫുട്ബോളും മറ്റൊരു ഭീഷണിയായി.
ഏതൊരു റിയാലിറ്റി ഷോയും അതിന്റെ തുടർസീസണുകളിൽ വ്യൂവർഷിപ്പിൽ മങ്ങലേൽക്കുന്നത് സ്വാഭാവികമാണ്. മലയാളത്തിൽ വന്പൻ ഹിറ്റായിരുന്ന ഏഷ്യാനെറ്റിന്റെ മ്യൂസിക്കൽ റിയാലിറ്റി ഷോ സ്റ്റാർ സിംഗറിലും അതു നമ്മൾ കണ്ടതാണ്.
എന്തായാലും ആവർത്തന വിരസമാകുന്ന സീരിയലുകളും മറ്റു റിയാലിറ്റി ഹൗസുകളും കൊണ്ടു മനം മടുത്ത ടിവി പ്രേക്ഷകർക്കു പുതിയ കാഴ്ച തന്നെയാണ് കോടീശ്വരൻ.
ഇവിടെ ആർക്കും ഉയരങ്ങൾ കീഴടക്കാം എന്നതും അതു സ്വന്തമാക്കാൻ ഇന്ധനമാകേണ്ടത് അറിവാണെന്ന സന്ദേശം നൽകുന്നിടത്താണ് നിങ്ങൾക്കുമാകാം കോടീശ്വരന്റെ വിജയം.
പ്രേം ടി. നാഥ്