മുക്കം: സാമ്പാറും ചോറും മാത്രമാണന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി… തോരനും അവിയലും ഇലക്കറികളും ഒപ്പം രുചിയേറും ബിരിയാണിയും നെയ്ചോറും പിന്നെ ചിക്കൻ കറിയും.
ഇതൊക്കായാണ് കൊടിയത്തൂരിലെ സമൂഹ അടുക്കളയിലെ സ്നേഹ വിഭവങ്ങള്‍. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്ത്വത്തില്‍ പന്നിക്കോട് ആരംഭിച്ച സമൂഹ അടുക്കളയുടെ പ്രവര്‍ത്തനം നൂറുകണക്കിന് രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ആശ്വാസമാവുകയാണ്.
ഇരുപത് ദിവസം പിന്നിട്ട അടുക്കള എല്ലാദിവസവും കാലത്ത് ആറ് മണിയോടെ ആരംഭിക്കും. ദിനംപ്രതി മുന്നൂറോളം ഭക്ഷണപ്പൊതികളാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ പതിനാറ് വാര്‍ഡുകളിലായി വിതരണം ചെയ്യുന്നത്.
വാര്‍ഡ് അംഗങ്ങളുടെ നേതൃത്ത്വത്തില്‍ ആര്‍ആര്‍ടി വോളണ്ടിയര്‍മാരാണ് ഭക്ഷണപ്പൊതികള്‍ വീടുകളിലെത്തിക്കുന്നത്.
രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തുതന്നെ ആദ്യമായി ആരംഭിച്ച സമൂഹ അടുക്കളയ്ക്ക് ഗ്രാമപഞ്ചായത്ത് അംഗം ഷിഹാബ് മാട്ടുമുറിയാണ് ചുക്കാന്‍ പിടിക്കുന്നത്.
ആവശ്യമായ വിഭവങ്ങള്‍ എല്ലാവിഭാഗം ജനങ്ങളും മനസറിഞ്ഞ് നല്‍കുന്നുണ്ടെങ്കിലും വിവിധ പ്രദേശങ്ങളിലൂടെ സംഘടിപ്പിച്ച വിഭവവണ്ടിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചതെന്ന് ചെയര്മാന് ഷിഹാബ് മാട്ടുമുറി പറഞ്ഞു.
ദിനം പ്രതി ലഭിക്കുന്ന വിഭവങ്ങളുടെയും ആവശ്യമുള്ളവയുടെയും കണക്കുകള്‍ പ്രസിദ്ധീകരിച്ച് വളരെ സുതാര്യമായ സംഘാടനം സമൂഹ അടുക്കളയെ വേറിട്ട് നിര്‍ത്തുന്നു.
പാചകത്തിനും പാക്കിംഗിനും ഉള്‍പ്പടെ എല്ലാ ദിവസങ്ങളിലും എന്‍എസ്എസ് വിദ്യാര്‍ഥികളും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പടെ ജനകീയ പങ്കാളിത്തംകൊണ്ട് കൂടി ശ്രദ്ധേയമാണ് ഈ സമൂഹ അടുക്കള.