സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുസ്ലിം ലീഗിനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുസ്ലിം ലീഗ് പിന്തുടരുന്നത് മുഹമ്മദാലി ജിന്നയുടെ ലീഗിന്റെ ആക്രമണ ശൈലിയാണെന്നും ഇസ്ലാമിക രാഷ്ട്രത്തിന്റെ സംസ്ഥാപനത്തിനായി നിലകൊള്ളുന്ന ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവ് ലീഗിൽ ആവേശിച്ചിരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ കടന്നാക്രമണം. മുഹമ്മദാലി ജിന്നയുടെ ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും രാഷ്ട്രീയ ചാന്പ്യന്മാരായി മുസ് ലിം ലീഗ് മാറിയിരിക്കുകയാണ്.
അതിനാലാണ് മുഖ്യമന്ത്രിയുടെ അച്ഛനു പറയുന്നതും കുടുംബത്തെ അവഹേളിക്കുകയും ചെയ്യുന്നത്. ഇന്ത്യാ വിഭജനത്തിനു വേണ്ടി നിലകൊണ്ട ജിന്നയുടെ ലീഗിന്റെ വഴി തീവ്ര വർഗീയതയുടേതായിരുന്നു.
അന്നത്തെ അക്രമ ശൈലി ഇപ്പോൾ കേരളത്തിൽ മുസ്ലിം ലീഗ് പ്രയോഗിക്കുന്നു. കോഴിക്കോട്ടെ പ്രകോപനപരമായ റാലിയിൽ പച്ച വർഗീയത പറഞ്ഞത് ഇതിന്റെ തെളിവാണ്.
എൽഡിഎഫിന്റെ ഭരണമുള്ളതുകൊണ്ടാണ് നാട് വർഗീയ ലഹളയിലേക്കു വീഴാതിരിക്കുന്നതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
രാഹുൽ ഗാന്ധിയുടെ ജയ്പൂർ റാലിയും കോഴിക്കോട്ടെ വഖഫ് ബോർഡ് നിയമന വിരുദ്ധ റാലിയും ഇന്ത്യൻ രാഷ്ട്രീയത്തിലെ വഴിതെറ്റലുകളുടെ ചൂണ്ടുപലകയാണ്.
ഹിന്ദുത്വ വർഗീയതയുടെ വിപത്ത് ചൂണ്ടിക്കാട്ടുകയല്ല, ബിജെപിയേക്കാൾ വിശ്വസിക്കാവുന്ന ഹിന്ദുവാണ് തങ്ങളെന്നു സ്ഥാപിക്കാനാണ് രാഹുലിന്റെയും കൂട്ടരുടെയും യത്നം. രണ്ടു കൂട്ടരും മതനിരപേക്ഷ രാഷ്ട്രീയത്തിനു മേലുള്ള അപായമണി മുഴക്കലാണെന്നും കോടിയേരി പറയുന്നു.