കോഴിക്കോട്: വിശ്വാസികൾക്ക് പാർട്ടിയിൽ അംഗത്വം നൽകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഎം ഒരു മതത്തിനും എതിരല്ലെന്നും പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കൂടാതെ കോൺഗ്രസിനും മുസ്‌ലിം ലീഗിനും നേരെ അദ്ദേഹം രൂക്ഷ വിമർശനം ഉന്നയിച്ചു. മുസ്‌ലിം ലീഗ് ഇസ്‌ലാമിക രാഷ്ട്രിയവുമായി സന്ധി ചെയ്തു. മുസ്‌ലിം ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയുടെ പ്രത്യയശാത്രമാണ്. മുസ്‌ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടത് ആഭിമുഖ്യമുണ്ടെന്നും കോടിയേരി പറഞ്ഞു.
ഇസ്‌ലാമിക മൗലീക വാദത്തിന് ലീഗ് പിന്തുണ നല്‍കുന്നുവെന്നും സമസ്തയുടെ നിലപാട് ലീഗിന് എതിരാണെന്നും പറഞ്ഞ കോടിയേരി മുസ്‌ലീം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പരിഹസിച്ചു.
ബിജെപിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ല. ബിജെപിക്കും കോണ്‍ഗ്രസിനും ഒരേനയമാണ്. ബിജെപിക്ക് എതിരായ പോരാട്ടത്തി ല്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാകില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു.