റെനീഷ് മാത്യു
കണ്ണൂർ: സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാരുടെ ഫെയ്സ് ബുക്ക് പേജിൽ അണികളുടെ പൊങ്കാലയിടലും വെല്ലുവിളികളും. മന്ത്രി സഭായോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാത്തതിന്റെ കാരണം വിശദീകരിച്ചു കൊണ്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ ഇന്നലെ മറുപടി നല്‍കിയിരുന്നു. ഇതിന്റെ മറുപടിയായാണ് കാനം രാജേന്ദ്രന്റെ ഫെയ്സ്ബുക്ക് പേജിൽ ചീത്തവിളിയും വെല്ലുവിളികളും നടത്തിയത്. സിപിഎമ്മിന്റെ പ്രവർത്തകരെന്ന് പ്രഖ്യാപിച്ചാണ് ചീത്തവിളി. റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെതിരേയും അസഭ്യവർഷം നടത്തുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് കട്ട സപ്പോർട്ട് നല്കുന്ന പോസ്റ്റുകളിൽ സിപിഐയേയും നേതൃത്വത്തെയും നിസാരവത്കരിക്കുന്ന പോസ്റ്റുകളും ഉണ്ട്.
സിപിഐ പ്രതിനിധികള്‍ വിട്ടുനിന്ന നടപടി അസാധാരണവും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നുവെന്ന സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഫെയ്സ്ബുക്ക് പേജിലും ചീത്തവിളിയും വെല്ലുവിളികളുമായി സിപിഐ-സിപിഎം പ്രവർത്തകർ പൊങ്കാലയിട്ടിട്ടുണ്ട്. പാർട്ടി സെക്രട്ടറിമാരുടെ ഫെയ്സ്ബുക്ക് പേജിലെ പൊങ്കാലയിടൽ മാത്രമല്ല, സിപിഎം-സിപിഐ ഫെയ്സ്ബുക്ക്, വാട്സാപ്പ് ഗ്രൂപ്പുകളിലും വെല്ലുവിളികളും ചീത്തവിളികളും നടക്കുന്നുണ്ട്.