തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവധിക്ക് അപേക്ഷിച്ചെന്ന വാർത്തകളെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ്. കോടിയേരി അവധി അപേക്ഷിച്ചിട്ടില്ല. പുതിയ താൽക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന മാധ്യമവാർത്തകൾ അടിസ്ഥാന രഹിതമാണെന്നും സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
കോടിയേരി അവധിക്ക് അപേക്ഷിച്ചെന്ന വാർത്തകൾ ഊഹാപോഹം മാത്രമാണ്. ഇതുസംബന്ധിച്ച് പാർട്ടിയിൽ ഇതുവരെ ചർച്ചകൾ നടന്നിട്ടില്ല. വരുന്ന കമ്മിറ്റികളിൽ കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കുമെന്നും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന് പിള്ള സ്വകാര്യ ചാനലിനോട് പറഞ്ഞു.
കോടിയേരി ചികിത്സാർഥം ആറു മാസത്തേക്ക് അവധിയിൽ പ്രവേശിക്കുന്നു എന്നായിരുന്നു മുമ്പ് പുറത്തുവന്ന റിപ്പോർട്ട്. താത്കാലിക സെക്രട്ടറി സ്ഥാനത്തേക്കു ഇ.പി. ജയരാജൻ, എം.എ. ബേബി, എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ളവരെ പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു.