തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തുടർ ചികിത്സയ്ക്ക് പോകുമ്പോൾ ആർക്കും പ്രത്യേക ചുമതലയില്ലെന്ന് പാർട്ടി കേന്ദ്രകമ്മറ്റി അംഗം എം.വി.ഗോവിന്ദൻ. പാർട്ടി സെന്റർ ഒരുമിച്ച് പ്രവർത്തിക്കും. പാർട്ടി നിലവിലുള്ളത് പോലെ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ തുടർ ചികിത്സയ്ക്ക് പോകുമ്പോൾ കോടിയേരി അവധിയെടുത്ത് മാറിനിൽക്കേണ്ടതില്ലെന്ന് നേതൃതലത്തിൽ ധാരണയിൽ എത്തിയിരുന്നു. കോടിയേരിയെ സെക്രട്ടറിസ്ഥാനത്തു നിലനിർത്തിക്കൊണ്ട് ദൈനംദിന കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സെക്രട്ടേറിയറ്റ് അംഗങ്ങളിൽ ആർക്കെങ്കിലും ഏകോപനച്ചുമതല നൽകിയേക്കും എന്ന് റിപ്പോർട്ടുണ്ടായിരുന്നു.
പാർട്ടി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എം.വി.ഗോവിന്ദനു ഈ ചുമതല നൽകുമെന്നായിരുന്നു റിപ്പോർട്ട്. ഇക്കാര്യത്തിൽ ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമുണ്ടായേക്കും.