സ്വന്തം ലേഖകൻ
കോട്ടയം: നവംബർ ഏഴിനു കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറിയായി തിരിച്ച് ചുമതലയേറ്റെടുക്കാൻ സാധ്യത.
കഴിഞ്ഞ ഒരു വർഷമായി അസുഖം മൂലം ചികിത്സയിലായിരുന്ന കോടിയേരി, മകൻ ബിനീഷുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസും പോലീസ് കസ്റ്റഡിയും ഉണ്ടായതോടെയാണ് ചുമതലയിൽ നിന്ന് താൽക്കാലികമായി ഒഴിവായത്.
തന്റെ ചികിത്സയുടെ കൂടെ മകന്റെ കേസും കൂടിയായതോടെ ഉയർന്ന കമ്മ്യൂണിസ്റ്റ് ബോധമുള്ള കോടിയേരി മകന്റെ കേസുമായി ബന്ധപ്പെട്ട് തന്നെ സെക്രട്ടറി പദവിയിൽ നിന്ന് തൽക്കാലം ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയറ്റിന് കത്ത് നൽകുകയായിരുന്നു.
പി.ബി അംഗമായ കോടിയേരി ഇക്കാര്യം യച്ചൂരിയുമായി സംസാരിച്ചതോടെ ഉടനെ അവൈലബിൾ പി.ബി കൂടി തീരുമാനം നടപ്പിലാക്കി കേന്ദ്രക്കമ്മിറ്റി അംഗമായ എ. വിജയരാഘവന് ചുമതല കൈമാറുകയായിരുന്നു.
ഇപ്പോൾ ബിനീഷിന് കേസിൽ നിന്നും ജാമ്യം ലഭിച്ച പശ്ചാത്തലത്തിലും ഡിസംബർ മുതൽ തുടങ്ങുന്ന പാർട്ടി ജില്ലാ സമ്മേളനങ്ങളും 2022 മാർച്ചിൽ എറണാകുളത്ത് സംസ്ഥാന സമ്മേളനവും ഏപ്രിലിൽ പാർട്ടി കോണ്‍ഗ്രസും നടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുത്ത സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യം സമ്മേളനങ്ങളിൽ ഉണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് പാർട്ടിയുടെ കണക്ക് കൂട്ടൽ.
പ്രത്യേകിച്ച് ചില ജില്ലകളിൽ നിലനിൽക്കുന്ന വിഭാഗീയത ഒഴിവാക്കാൻ കോടിയേരിയുടെ സേവനം അത്യാവശ്യമാണെന്ന് പിബി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നവംബർ 6, 7 തിയതികളിൽ നടക്കുന്ന സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് അറിയുന്നു.
കൂടാതെ കഴിഞ്ഞ ബ്രാഞ്ച്, ലോക്കൽ, ഏരിയ സമ്മേളനങ്ങൾ നടന്ന ചില സ്ഥലങ്ങളിലെ സംഘടനാ പ്രശ്നങ്ങളും സംസ്ഥാന സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ചർച്ച ചെയ്യാനും സാധ്യതയുണ്ട്.