കണ്ണൂർ: ഇന്നലെ തലശേരി ടൗൺ ഹാളിൽ നിന്നും കോടിയേരിയിലെ സ്വവസതിയിലെത്തിച്ച മൃതദേഹം ഇന്നു രാവിലെ പതിനൊന്നോടെയാണ് കണ്ണൂരിലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസിലെത്തിച്ചത്.
കോടിയേരിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രാ മധ്യേ പ്രിയ നേതാവിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ റോഡിന്റെ ഇരുവശങ്ങളിലും പാർട്ടി പ്രവർത്തകരുടെ വൻ നിരയായിരുന്നു.
ഭൗതിക ശരീരം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കുന്നതിന് മുന്പ് തന്നെ പാർട്ടി ഓഫീസിലേക്കുള്ള വഴികൾ ജനനിബിഡമായിരുന്നു. അന്ത്യാഭിവാദ്യങ്ങളർപ്പിക്കാൻ എത്തിയവരെ നിയന്ത്രിക്കാൻ റെഡ് വോളണ്ടിയർമാരും പോലീസും ഏറെ ക്ലേശിച്ചു.
കോടിയേരിയോടുള്ള ആദര സൂചകമായി കണ്ണൂർ, ധർമടം, തലശരി നിയോജക മണ്ഡലങ്ങളിലും മാഹിയിലും ഹർത്താൽ ആചരിക്കുകയാണ്.
ഉച്ചകഴിഞ്ഞ് മൂന്നു വരെ പാർട്ടി ഓഫീസിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം തുടർന്ന് പയ്യാന്പലത്ത് വിലാപയാത്രയായി കൊണ്ടു പോകും.
തുടർന്ന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. തന്റെ രാഷ്ട്രീയ ഗുരുക്കൻമാരായ ഇ.കെ. നായനാർ, ചടയൻ ഗോവിന്ദൻ എന്നിവരുടെ സ്മൃതി മണ്ഡപങ്ങൾക്ക് മധ്യത്തിലായും പി. കൃഷ്ണപിള്ള, രക്തസാക്ഷി അഴിക്കോടൻ രാഘവൻ, എകെജി, എൻ.സി. ശേഖർ, സുകുമാർ അഴീക്കോട്, സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എന്നിവരുട കുടീരങ്ങൾക്കു സമീപവുമായാണ് കോടിയേരിക്ക് അന്ത്യവിശ്രമം ഒരുക്കിയിരിക്കുന്നത്.
സംസ്കാരത്തിന് ശേഷം പയ്യാന്പലം പാർക്കിലെ ഓപ്പൺ സ്റ്റേജിൽ അനുശോചന യോഗം നടക്കും.
അണമുറിയാത്ത അഭിവാദ്യങ്ങൾക്കിടയിൽ നിറചിരിയില്ലാതെ അഴീക്കോടൻ മന്ദിരത്തിൽ…
കണ്ണൂർ: കണ്ണൂരിലെത്തിയാൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിക്കാതെ മടങ്ങാത്ത കോടിയേരി ഒടുവിൽ ഇന്നലെയും പാർട്ടി ഓഫീസിലെത്തി.
പക്ഷേ, പതിവിനു വിപരീതമായി മുഖത്തെ നിറഞ്ഞ പുഞ്ചിരിയില്ലായിരുന്നു. പ്രിയപ്പെട്ട നേതാവിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനാകാതെ വിറങ്ങലിച്ചു നിൽക്കുകയാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന് മന്ദിരവും ഇവിടുത്തെ ജീവനക്കാരും സഖാക്കളും.
ഏതു പാതിരാത്രിയായാലും കണ്ണൂരിലെത്തിയാൽ ജില്ലാ കമ്മിറ്റി ഓഫീസ് സന്ദർശിക്കാതെ ഒരിക്കൽ പോലും കോടിയേരി മടങ്ങിയിരുന്നില്ല. ആ പതിവ് അന്ത്യയാത്രയിലും തെറ്റിച്ചില്ല.
വിദ്യാർഥി രാഷട്രീയകാലം മുതലൽ പാർട്ടി ഓഫീസുമായി ആത്മബന്ധമായിരുന്നു കോടിയേരിക്ക്. പിന്നീട് ജീല്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു.
തന്റെ അവസാന യാത്രയ്ക്കിടെയുള്ള സന്ദർശത്തിനായി കോടിയേരി അഴീക്കോടൻ മന്ദിരത്തിലെത്തുന്പോൾ പ്രിയസഖാവിന് അന്ത്യഭിവാദ്യങ്ങളർപ്പിക്കാൻ നേതാക്കളഉം നാടിന്റെ നാനാ കോണിലുള്ള പാർട്ടി പ്രവർത്തകരും വിവിധ രാഷ്ട്രീയ പാർട്ടികളിലുള്ളവരാലും അഴീക്കോടൻ മന്ദിരം നിറഞ്ഞു കവിഞ്ഞിരുന്നു.