തിരുവനന്തപുരം:എൽഡിഎഫ് സർക്കാരിനെ ഇകഴ്ത്താൻ വേണ്ടി പ്രതിപക്ഷം വിശ്വാസികളുടെ പുണ്യഗ്രന്ഥമായ ഖുറാനെപ്പോലും ആയുധമാക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ജലീലിനും സർക്കാരിനുമെതിരേ നടത്തുന്ന ഖുറാൻ വിരുദ്ധ പ്രക്ഷോഭം ഗതികിട്ടാപ്രേതമായി ഒടുങ്ങുമെന്നും ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ കോടിയേരി വ്യക്തമാക്കി.
“അവഹേളനം ഖുറാനോടോ..?’ എന്ന തലക്കെട്ടോടെയാണ് കോടിയേരി ലേഖനം ഏഴുതിയിരിക്കുന്നത്. പ്രതിപക്ഷസമരം ജനാധിപത്യ സമരമല്ല, സമരഭാസമാണ്. പുണ്യഗ്രന്ഥമായ ഖുറാനോട് ആർഎസ്എസിനെപ്പോലെ ഒരു അലർജി മുസ്ലിം ലീഗിനും കോൺഗ്രസിനും എന്തിനാണെന്നും ലേഖനത്തിൽ കോടിയേരി ചോദിക്കുന്നു.
ഖുറാനോടും ബൈബിളിനോടും ഭഗവത്ഗീതയോടും കമ്യൂണിസ്റ്റുകാർക്ക് ഒരേ സമീപനമാണ് ഉള്ളത്. എന്നാൽ ആർഎസ്എസിനും ബിജെപിക്കും ഖുറാനോടുള്ള വിരോധം മറയില്ലാത്തതാണ്.
മുസ്ലിംങ്ങളെയും ന്യൂനപക്ഷങ്ങളെയും കമ്യൂണിസ്റ്റുകാരെയും ഉൻമൂലനം ചെയ്യാൻ നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർഎസ്എസ്. ഇതിനൊത്താണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്.
സർക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജൻസികളെ ഏത് ഘട്ടത്തിലും രാഷ്ട്രീയമായി ദുരുപയോഗപ്പെടുത്തുന്നതിന് ഒരുമടിയും മോദി സർക്കാരിനില്ല എന്നത് ഇതിനകം തെളിയിച്ചിട്ടുള്ളതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് സർക്കാരിന് വർധിച്ച ജനപിന്തുണയുണ്ടായതിനാൽ തുടർഭരണമുണ്ടാകുമെന്ന തിരിച്ചറിവിലാണ് പ്രതിപക്ഷം കള്ളപ്രചാരണങ്ങൾ നടത്തുന്നത്.
തന്റെ മകൻ നിയമവിരുദ്ധമായി പ്രവർത്തിച്ചെങ്കിൽ ഏത് ശിക്ഷയും ലഭിക്കട്ടെ. കുടുംബാംഗങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിൽ പാർട്ടി നേതാക്കൾ സ്ഥാനമൊഴിയണമെന്ന വാദം പ്രതിപക്ഷത്തെ തിരിഞ്ഞുകൊത്തുമെന്നും കോടിയേരി വ്യക്തമാക്കി.