തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് എൽഡിഎഫിലേക്ക് പാലമിട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് കോടിയേരി പറഞ്ഞു.
രാഷ്ട്രീയരംഗത്തു വരുന്ന മാറ്റങ്ങൾ എൽഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുന്നപ്ര-വയലാർ സമരനായകനായ പി.കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരി ജോസ് വിഭാഗത്തെ പുകഴ്ത്തിയത്.
മാണി കേരള കോൺഗ്രസിനെ യുഡിഎഫിൽനിന്ന് പുറത്താക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ജോസ് കെ. മാണി-പി.ജെ ജോസഫ് തർക്കങ്ങൾ ഇടപെട്ട് പരിഹരിക്കുന്നതിൽ കോൺഗ്രസ് നേതൃത്വം പരാജയപ്പെട്ടു. യുഡിഎഫ് സംഘടനാപരമായും രാഷ്ട്രീയപരമായും കെട്ടുറപ്പ് തകർന്നു എന്നതാണ് ഇത് വ്യക്തമാക്കുന്നത്.
കേന്ദ്രീകൃതമായ ഒരു നേതൃത്വം യുഡിഎഫിന് ഇല്ലാതെയായി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോഴത്തെ സംഭവം. ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടും.
യുഡിഎഫിൽ ബഹുജന പിന്തുണയുള്ള പാർടികളിലൊന്നാണ് കേരള കോൺഗ്രസ്. കേരള കോൺഗ്രസ് ഇല്ലാത്ത യുഡിഎഫ് കൂടുതൽ ദുർബലമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ഉണ്ടായിരുന്ന എൽജെഡി യുഡിഎഫ് വിട്ട് ഇപ്പോൾ എൽഡിഎഫിലാണ് പ്രവർത്തിക്കുന്നത്.