തിരുവനന്തപുരം: ഒരു രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയാണു കേരളത്തിൽ യുഡിഎഫും ബിജെപിയും സ്വീകരിച്ചിരിക്കുന്നതെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോരിയേരി ബാലകൃഷ്ണൻ. സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദവാക്യമെന്നും കോടിയേരി കുറ്റപ്പെടുത്തി.
സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത്. കേസിലെ പ്രതി എൻഫോഴ്സ്മെന്റിന് നൽകിയതായി പറയുന്ന മൊഴി ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാർത്തകളും ചർച്ചകളും സംഘടിപ്പിച്ചു.
പിന്നാലെ ബിജെപി പ്രസിഡന്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോണ്‍ഗ്രസും അത് ആവർത്തിച്ചു. ബിജെപിയുടേയും യുഡിഎഫിന്േറയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണെന്നു കോടിയേരി കുറ്റപ്പെടുത്തി.
ഇപ്പോൾ കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം ഇതിനു പുറകിലുണ്ട്. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാധ്യമങ്ങളും പ്രതിപക്ഷവും സ്വർണക്കടത്ത് എന്ന ഒറ്റ വിഷയത്തിൽ മാത്രമാണ് കേന്ദ്രീകരിക്കുന്നതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.