റെനീഷ് മാത്യു
കണ്ണൂർ: ആരോപണങ്ങളിലും കേസുകളിലും കുരുങ്ങി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കുടുംബം. മുൻ സംസ്ഥനാ സെക്രട്ടറി കോടിയേരിയുടെ കുടുംബത്തിനെതിരേയുള്ള ആരോപണങ്ങളും കേസുകളും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും പ്രചാരണ വിഷയമാക്കിയേക്കും.
മക്കളായ ബിനീഷ്, ബിനോയ് എന്നിവർക്കു പിന്നാലെ ഭാര്യ വിനോദിനിയും വിവാദത്തിൽ കുരുങ്ങിയതോടെ പാർട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കുള്ള കോടിയേരിയുടെ തിരിച്ചു വരവിന് മങ്ങലേറ്റിരിക്കുകയാണ്.
ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ പോയതോടെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും കോടിയേരി ഒഴിഞ്ഞത്. ചികിത്സയ്ക്കായി മാറി നില്ക്കുകയായിരുന്നുവെന്നായിരുന്നു സിപിഎം നല്കിയ വിശദീകരണം.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോടിയേരി ബാലകൃഷ്ണന്റ മൂത്തമകൻ ജയിലിലായിട്ട് മാസങ്ങൾ പിന്നിട്ടു. ബംഗളൂരിലാണ് ബിനീഷ് കോടിയേരിയുള്ളത്. മയക്കുമരുന്ന് കേസിലും ബിനീഷിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. മറ്റൊരു മകൻ ബിനോയി ബലാത്സംഗക്കേസിൽ വിചാരണ നേരിടുകയാണ്.
ബിഹാർ സ്വദേശിനിയായ യുവതി നൽകിയ ബലാത്സംഗക്കേസിൽ മുംബൈ പോലീസ് ബിനോയിക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ബിനോയിക്കെതിരേ ചുമത്തിയിരിക്കുന്നത്.
യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കാനുള്ള ഡിഎൻഎ പരിശോധനാഫലവും കോടതിയിലാണ്. തെരഞ്ഞെടുപ്പിന് മുന്പ് ഡിഎൻഎ പരിശോധനാഫലം എത്താനുള്ള സാധ്യതയും ഉണ്ട്.
ഇതിനിടയിലാണ് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിലൊന്ന് ഉപയോഗിച്ചത് സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയാണെന്ന് പറഞ്ഞ് കസ്റ്റംസ് നോട്ടീസ് നൽകിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ കോടിയേരി ബാലകൃഷ്ണനെ പ്രചാരണത്തിനിറക്കാനായിരുന്നു സിപിഎമ്മിന്റെ നിർദേശം. ഒപ്പം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിക്കൊണ്ടുവരാനും ആലോചനയുണ്ടായിരുന്നു. ഇതിനിടയിലാണ് വീണ്ടും വിവാദമുണ്ടായിരിക്കുന്നത്.
കോടിയേരി കുടുംബത്തിനെതിരേ നിരന്തരം ഉയരുന്ന കേസുകൾക്ക് പിന്നിൽ സിപിഎമ്മിലെ ഗ്രൂപ്പിസവും കാരണമാകാം എന്നും പാർട്ടിയിലെ തന്നെ ചിലർ പറയുന്നുണ്ട്.