സ്വന്തം ലേഖകൻ
കണ്ണൂര്‍: സൗമ്യമായ ചിരിയായിരുന്നു കോടിയേരിയുടെ മുഖമുദ്ര. സിപിഎമ്മിനെ നഖശിഖാന്തം എതിർക്കുന്ന രാഷ്ട്രീയ എതിരാളികൾക്കുപോലും കോടിയേരി പ്രിയങ്കരനായത് ആ നിറഞ്ഞ ചിരിയിലൂടെയായിരുന്നു.
മറ്റുള്ളവരെകൂടി കേൾക്കുക എന്നതായിരുന്നു കോടിയേരിയുടെ ശൈലി. പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ പലപ്പോഴും കർക്കശക്കാരനായിട്ടായിരുന്നു പെരുമാറിയിരുന്നതെങ്കിൽ പിൻഗാമിയായ കോടിയേരിയുടെ രീതി വ്യത്യസ്തമായിരുന്നു.
ഭരണത്തിലായാലും പാർട്ടിക്കുള്ളിലായാലും പത്രസമ്മേളനത്തിലായാലും ഗൗരവമുള്ള വിഷയങ്ങളെയെല്ലാം തന്നെ തന്റെ സ്വതസിദ്ധമായ നിറഞ്ഞ ചിരിയിലൂടെയായിരുന്നു കോടിയേരി അവതരിപ്പിച്ചിരുന്നത്.
‘പോലീസ് സ്റ്റേഷനിലും ബോംബുണ്ടാക്കു’മെന്ന രീതിയിൽ കടുപ്പപ്പെട്ട വാക്കുകൾ പ്രയോഗിക്കുന്പോഴും സൗമ്യത വെടിയാത്ത പ്രകൃതം കാത്തുസൂക്ഷിച്ചിരുന്നു.
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ജനക്കൂട്ടത്തെ മണിക്കൂറുകളോളം പിടിച്ചിരുത്തുന്ന കോടിയേരിയുടെ പ്രസംഗശൈലി രാഷ്ട്രീയ എതിരാളികൾ പോലും ആസ്വദിക്കുമായിരുന്നു.
നർമം കലർത്തിയ പരിഹാസത്തോടെയുള്ള വിമർശനത്തിൽ ഇരകൾക്കുപോലും തോന്നില്ല അനിഷ്ടം. പാർട്ടിയാണ് എല്ലാമെങ്കിലും പാർട്ടിക്കു പുറത്തേക്കും കോടിയേരിയുടെ സൗഹൃദങ്ങൾ നീണ്ടിരുന്നു.
ആവശ്യങ്ങളുമായി സമീപിക്കുന്നവരെ തൃപ്തിപ്പെടുത്തിയയയ്ക്കുന്ന ജനകീയ നേതാവ്. സൗമനസ്യത്തിന്റെ ശരീരഭാഷ കൂടിയാകുന്പോൾ കോടിയേരിയോട് ആളുകൾക്ക് രാഷ്ട്രീയനേതാവെന്നതിലുപരിയായി ഒരിഷ്ടം തോന്നിക്കുമായിരുന്നു.
മാധ്യമപ്രവർത്തകരെ അകറ്റിനിർത്തുന്ന നേതാവാണു പിണറായിയെങ്കിൽ അവിടെയും കോടിയേരി വ്യത്യസ്തനായിരുന്നു.
എപ്പോൾ വേണമെങ്കിലും വിളിക്കാനും കാണാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം മാധ്യമങ്ങൾക്കു നൽകിയിരുന്നു.
സമചിത്തതയോടെയും പ്രസന്നഭാവത്തോടെയും പെരുമാറാനുള്ള നൈസർഗിക പാടവം പാർട്ടിയിലെ വിഭാഗീയത ഇല്ലാതാക്കാൻ അദ്ദേഹത്തിനു സഹായകരമായിരുന്നു.
സിപിഎമ്മിലെ വർഷങ്ങൾ നീണ്ട വിഭാഗീയതയിൽ പിണറായി പക്ഷത്തുതന്നെയായിരുന്നു കോടിയേരി. എന്നാൽ, വാക്കിലോ പ്രവൃത്തിയിലോ ഒരിക്കലും അദ്ദേഹം തന്റെ പക്ഷം പരസ്യമാക്കിയില്ല.
കണ്ണൂരിലെ ജയരാജൻമാർ ചാവേറുകളായി ഉറഞ്ഞുതുള്ളുന്പോൾ അവരുടെ കൂട്ടത്തിൽ കൂടേണ്ട കോടിയേരി തികഞ്ഞ നിശബ്ദത പാലിച്ചിരുന്നു.
ഒരു പക്ഷത്ത് ഉറച്ചുനിൽക്കുന്പോൾത്തന്നെ പാർട്ടിയിൽ സുരക്ഷിതസ്ഥാനം കോടിയേരി സ്വയമുണ്ടാക്കിയെടുത്തു. ആ തന്ത്രജ്ഞത അദ്ദേഹത്തെ പാർട്ടിയുടെ തലപ്പത്ത് എളുപ്പത്തിൽ എത്തിക്കുകയും ചെയ്തു.
പിണറായി-വി.എസ് ചേരിതിരിവ് പാർട്ടിയ്ക്കകത്ത് രൂക്ഷമായപ്പോൾ പിണറായി പക്ഷക്കാർ പലരും വി.എസിനോടും വിഎസ് പക്ഷക്കാരോടും ശത്രുതാമനോഭാവമാണ് പുലർത്തിപ്പോന്നത്.
നാലാം ലോകവിവാദത്തില് തുടങ്ങി ഒടുവില്‍ വി.എസ്. അച്യുതാനന്ദന്റെ സമ്മേളന ബഹിഷ്കരണം വരെയെത്തിയ പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എക്കാലത്തും ബാലകൃഷ്ണന് പിണറായിയോടൊപ്പമായിരുന്നു.
എന്നാല്‍, ഒരുകാലത്തും വി.എസ്. അച്യുതാനന്ദനോട് വലിയ അകലം പാലിച്ചതുമില്ല. നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനവും വി.എസ്. മന്ത്രിസഭയിലെ അംഗത്വവും കോടിയേരിയെ വി.എസിനോടും അടുപ്പിച്ചുനിര്‍ത്തി.
അതേസമയം ഔദ്യോഗിക പക്ഷത്തിന്റെ നേതൃനിരയിലെ വിശ്വസ്തനുമായി നിന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പിണറായി പക്ഷത്തിന് വി.എസ്. അച്യുതാനന്ദനിലേക്കുള്ള ഒരു വഴി എന്നും കോടിയേരി ബാലകൃഷ്ണന് തുറന്നുവച്ചിരുന്നു.
പിബിയിലേക്ക് ഔദ്യോഗികപക്ഷം കോടിയേരി ബാലകൃഷ്ണനെ ആലോചിച്ചപ്പോള്‍ വി.എസിനും ആ പേരിനോട് വിയോജിപ്പുണ്ടായിരുന്നില്ല.
പിണറായിയുടെ പിൻഗാമി
പിണറായി വിജയന്റെ ജൂണിയറായി രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച കോടിയേരി തുടർന്നും പിണറായിയുടെ പിൻഗാമിയായിരുന്നു.
തൊട്ടടുത്ത നാടുകളായ പിണറായിയും കോടിയേരിയും തമ്മിലുള്ള അകലം രണ്ടു നേതാക്കളുടെയും മനപ്പൊരുത്തത്തിൽ ഉണ്ടായിരുന്നില്ല.
ഇരുവരും തമ്മിലുള്ള ആത്മബന്ധം വിദ്യാർഥി രാഷ്ട്രീയകാലം മുതലേ ഉള്ളതാണ്. കെഎസ്എഫ് യൂണിറ്റ് സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തെരഞ്ഞെടുക്കുന്ന യോഗം ഉദ്ഘാടനം ചെയ്തത് അന്നത്തെ സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയനായിരുന്നു.
വിദ്യാർഥി സംഘടനാ പ്രവർത്തനകാലത്ത് തുടങ്ങിയ ഊഷ്മള ബന്ധത്തിന് ഒരു കാലത്തും വിള്ളലേറ്റില്ല. പിണറായിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരൻ കൂടിയായിരുന്നു കോടിയേരി.
1990 മുതല്‍ 95 വരെ കോടിയേരി സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. അതിനുമുമ്പ് പിണറായി വിജയനായിരുന്നു കണ്ണൂരിലെ സെക്രട്ടറി.
സംസ്ഥാനസെക്രട്ടറി സ്ഥാനവും കോടിയേരിക്കു വന്നുചേര്‍ന്നത് പിണറായി ഒഴിഞ്ഞപ്പോഴായിരുന്നു.
പാലക്കാട് സമ്മേളനത്തിൽ വി.എസ് അച്യുതാനന്ദന്റെ പോരാളിയായി പിണറായി വിജയന് നിലകൊണ്ടപ്പോള്‍ കോടിയേരിയായിരുന്നു പിണറായിയുടെ വലംകൈ.
പിന്നീട് 2005ല്‍ മലപ്പുറം സമ്മേളനത്തോടനുബന്ധിച്ച് വിഎസും പിണറായിയും തെറ്റിയപ്പോഴും പിണറായിക്കൊപ്പം ചാഞ്ചല്യമില്ലാതെ നിന്നു.