മുംബൈ: കോടിയേരി ബാലകൃഷ്ണന്റെ വാദങ്ങള്‍ പൊളിയുന്നു. മകനെതിരായ ലൈംഗികാരോപണം വിശദീകരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യസന്ധത ഇപ്പോള്‍ സംശയത്തിലായിരിക്കുകയാണ്. കോടിയേരിയ്ക്ക് എല്ലാം അറിയാമെന്ന് യുവതി പറഞ്ഞതിനു പിന്നാലെ മധ്യസ്ഥ ചര്‍ച്ച നടത്തിയ അഭിഭാഷകന് കെ പി ശ്രീജിത്തും ഇക്കാര്യം ശരിവച്ച് രംഗത്തു വന്നിരിക്കുകയാണ്. ഒരു ന്യൂസ് ചാനലിനോടാണ് ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍.
ബിനോയിയും അമ്മ വിനോദിനിയും യുവതിയുമായി ചര്‍ച്ച നടത്തിയത് മുംബൈയിലെ തന്റെ ഓഫീസില്‍ വച്ചാണെണെന്ന് ശ്രീജിത്ത് പറഞ്ഞു. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും വിഷയത്തില്‍ ഒരു ഘട്ടത്തിലും ഇടപെട്ടില്ലെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ വാദം പൊളിയുന്നതാണ് കെ പി ശ്രീജിത്തിന്റെ വെളിപ്പെടുത്തല്‍.
ഏപ്രില്‍ 18ന് വിനോദിനിയും 29 ന് ബിനോയിയും ചര്ച്ചയ്ക്കെത്തിയെന്നും വിഷയം നേരത്തെ അറിയില്ലായിരുന്നു എന്ന കോടിയരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകന് കെ പി ശ്രീജിത്ത് വ്യക്തമാക്കുന്നു. ചര്‍ച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും അഭിഭാഷകന് വെളിപ്പെടുത്തി. വിഷയത്തിന്റെ ഗൗരവം കോടിയേരിയോട് പറഞ്ഞുവെന്നും എന്നാല്‍, ബിനോയ് പറയുന്നത് മാത്രമാണ് കോടിയേരി വിശ്വസിച്ചതെന്നും കെ പി ശ്രീജിത്ത് പറഞ്ഞു.
ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതിയുടേതെന്ന നിലപാടിലായിരുന്നു കോടിയേരി. അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനി അംഗീകരിച്ചില്ല. ഇപ്പോള്‍ പണം നല്കിയാല് പിന്നേയും പണം ചോദിച്ചുകൊണ്ടേയിരിക്കില്ലേ എന്നാണ് ബിനോയ് പറഞ്ഞതെന്നും കെപി ശ്രീജിത്ത് വെളിപ്പെടുത്തി. അച്ഛന് ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണ് എന്നും ബിനോയ് പറഞ്ഞതായി കെ പി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റെതല്ലെന്നും ഇനി പണംതരാനാകില്ലെന്നും ബിനോയ് മധ്യസ്ഥ ചര്‍ച്ചയില്‍ പറഞ്ഞതായി കെ പി ശ്രീജിത്ത് വെളിപ്പെടുത്തി.
കുഞ്ഞ് ബിനോയിയുടെതാണെന്നും ഡിഎന്‍എ പരിശോധന നടത്തണമെന്ന് യുവതി ആവശ്യപ്പെട്ടു എന്നും ഡിഎന്‍എ പരിശോധനയുടെ കാര്യം പറഞ്ഞതോടെ ബിനോയ് വൈകാരികമായി പ്രതികരിച്ചുവെന്നും അഭിഭാഷകന് പ്രതികരിച്ചു. ഇതോടെ മധ്യസ്ഥ ചര്‍ച്ച പാതിയില്‍ ഉപേക്ഷിക്കേണ്ടിവന്നു എന്നും അദ്ദേഹം കൂട്ടിച്ചര്‍ക്കുന്നു. രണ്ട് പേരും തെളിവായി പല രേഖകളും കാണിച്ചിരുന്നെന്നും കെ പി ശ്രീജിത്ത് പറയുന്നു. അതേസമയം കോടിയേരി ബാലകൃഷ്ണന് വാര്ത്താസമ്മേളത്തിന് താന്‍ മാധ്യമങ്ങളിലൂടെയാണ് മകനെതിരായ ആരോപണങ്ങളെ കുറിച്ച് അറിഞ്ഞതെന്നായിരുന്നു പറഞ്ഞത്.
അതേസമയം ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നാണ് ഓഷിവാര കോടതി പരിഗണിക്കുന്നത്. യുവതിയുടെ പരാതി ലഭിച്ച് ഒരാഴ്ച തികഞ്ഞിട്ടും ബിനോയ് കോടിയേരി എവിടെയെന്ന് പൊലീസിന് അറിയില്ല. കേരള പൊലീസ് സഹകരിക്കുന്നില്ലെന്നാണ് മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബിനോയ് കോടിയേരിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് തീരുമാനം. കേരളത്തിലെ ബിജെപിക്കാര്‍ ബിനോയിക്കും കോടിയേരിക്കും എതിരേ രംഗത്ത് വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ബിനോയിയെ അറസ്റ്റ് ചെയ്ത് വിമാനമാര്‍ഗ്ഗം മുംബൈയില്‍ എത്തിക്കാനുള്ള ഒരുക്കങ്ങളോടെയാണ് മുംബൈ പൊലീസിന്റെ വരവ്. ഇത് തടയാനാണ് കേരളം ശ്രമിക്കുന്നത്.